സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jun 4, 2020, 6:14 PM IST
Highlights

രാവിലെ മരിച്ച പാലക്കാട് സ്വദേശിയെ കൂടാതെ രണ്ട് മരണങ്ങൾ കൂടി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിക്കുകയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാവിലെ മരിച്ച പാലക്കാട് സ്വദേശിയെ കൂടാതെ രണ്ട് മരണങ്ങൾ കൂടി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിക്കുകയായിരുന്നു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളിന്റെ മരണം രാവിലെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 14 ആയി. മൂന്ന് പേരുടെയും മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തു. 

അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ മലപ്പുറം എടപ്പാൾ സ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സ്വദേശി സേവ്യർ എന്നിവരും കൊവിഡ് ബാധ മൂലമാണ് മരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് പേർക്കും കൊവിഡ് ഉണ്ടായിരുന്നതായി പരിശോധനയിൽ ഉറപ്പിച്ചിട്ടുണ്ട്. ഷബ്നാസ് രക്താർബുദ ചികിത്സയിലായിരുന്നു ഇന്നലെയാണ് മരിച്ചതെങ്കിലും കൊവിഡ് പരിശോധന ഫലം ഇന്നാണ് വരുന്നത്.

കൊല്ലം സ്വദേശി സേവ്യർ മരണമടഞ്ഞശേഷമാണ് ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ ബോർഡ് പരിശോധന വേണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് രണ്ട് തവണ പരിശോധിച്ചാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 65 വയസായിരുന്നു ഇയാൾക്ക്, സേവ്യർ എങ്ങും യാത്ര ചെയ്തിട്ടില്ലെന്നും വീട്ടിൽ മരിച്ച് കിടക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഇയാൾക്ക് എങ്ങനെ രോഗം ബാധിച്ചുവെന്നത് അന്വേഷിക്കുകയാണ്. 

മെയ് 25-നാണ്  73 വയസുകാരിയായ മീനാക്ഷി അമ്മാൾ ചെന്നൈയിൽ നിന്നും പാലക്കാട് എത്തിയത്. തുടർന്ന് ശ്രീകൃഷ്ണപുരത്തെ സഹോദരൻ്റെ വീട്ടിൽ ഹോം ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു.  മെയ് 28-ന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് മീനാക്ഷി അമ്മാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

ഇവരുടെ ആദ്യത്തെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും. മരണശേഷം അയച്ച സാംപിൾ ആണ് കൊവിഡ് പൊസീറ്റീവായത്. ഇവർക്ക് നേരത്തെ പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിരുന്നു. 

click me!