പിണറായി വിജയനും സംഘവും ജപ്പാൻ, കൊറിയ സന്ദര്‍ശനത്തിന്: ആര്‍ക്ക് നേട്ടമെന്ന് പ്രതിപക്ഷം

By Web TeamFirst Published Nov 22, 2019, 1:23 PM IST
Highlights

നവംബര്‍ 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും 12 ദിവസത്തെ ജപ്പാന്‍ കൊറിയ സന്ദര്‍നത്തിനായി നാളെ പുറപ്പെടും. നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടാണ് യാത്ര. നവംബര്‍ 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശനം നടത്തുക. മന്ത്രിമാരായ ഇപി ജയരാജന്‍, എകെ ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും. സംഘം നാളെ ജപ്പാനിലേക്ക് യാത്രതിരിക്കും.

ഒസാക്കയിലും ടോക്യോയിലും നിക്ഷേപ സെമിനാറുകളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി (ജൈക്ക), നിസ്സാന്‍, തോഷിബ, ടൊയോട്ട എന്നിവയുടെ സാരഥികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കൊറിയയില്‍ കൊറിയ ട്രേഡ് ഇന്‍വെസ്റ്റ്മെന്‍റ് പ്രോമോഷന്‍ ഏജന്‍സിയുമായി മുഖ്യമന്ത്രി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. 

കേരളത്തിന്‍റെ  നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കുന്ന റോഡ് ഷോയും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ  ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. എല്‍ജി, സാംസങ്, ഹ്യുണ്ടായ് എന്നീ ആഗോള കമ്പനികളുടെ തലവൻമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

റീബില്‍ഡ്  കേരള പദ്ധതിക്കായി ധനസമാഹരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മേയ് മാസത്തില്‍ 10 ദിവസം യൂറോപ്പ് സന്ദര്‍ശിച്ചിരുന്നു, എന്നാല്‍ ഇതുവഴി സംസ്ഥാനത്തിന് പ്രത്യേക നേട്ടങ്ങളുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചരുന്നു. ട്രിഷറി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത്  വിദേശ സന്ദര്‍ശനത്തിനെതിരെയും  വിമര്‍ശനം ശക്തമാവുകയാണ്.

 

 

 

click me!