ചുവന്ന് തുടുത്ത് സെൻട്രൽ സ്റ്റേഡിയം സത്യപ്രതിജ്ഞക്ക് ഒരുങ്ങി; ആവേശമാകാൻ "നവകേരള ഗീതാഞ്ജലി"

By Web TeamFirst Published May 20, 2021, 11:30 AM IST
Highlights

52 ഗായകരും സംഗീത‍ഞ്ജരും അണിചേര്‍ന്നാണ് നവകേരള ഗീതാഞ്ജലി ഒരുങ്ങുന്നത്. ഇഎംഎസ് മുതൽ പിണറായി വിജയൻ സർക്കാർ വരെ നവകേരള നിർമ്മാണത്തിൽ വഹിച്ച പങ്ക് വരച്ച് കാട്ടുന്നതാണ് സംഗീത ആൽബം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂര്‍ത്തിയായി. 80000 സ്ക്വയര്‍ ഫീറ്റോളം വരുന്ന വിശാലമായ പന്തലിൽ 800 പേര്‍ക്കുള്ള സൗകര്യങ്ങളൊരുക്കാൻ  ദിവസങ്ങൾക്ക് മുന്നേ തുടങ്ങിയ ജോലികളാണ് സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾക്ക് മുമ്പ് അവസാന ഘട്ടത്തിലേക്ക് എത്തിയത്. കൊവിഡ് പ്രോട്ടോക്കോളും ട്രിപ്പിൾ ലോക്ക് ഡൗണും നിലനിൽക്കെ പരമാവധി ആളെ കുറച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്ന് നിര്‍ദ്ദേശവും പലകോണുകളിൽ നിന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ അഞ്ഞൂറിൽ താഴെ പേരെ മാത്രമാണ് ചടങ്ങിന് പ്രതീക്ഷിക്കുന്നത്. 

കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ക്രമീകരിച്ചാണ് ഇരിപ്പിടങ്ങൾ പോലും സജ്ജമാക്കിയിട്ടുണ്ട്. നിയുക്ത മന്ത്രിമാരും മുൻ മന്ത്രിമാരും അടക്കം എല്ലാവര്‍ക്കും പേരെഴുതിയ പ്രത്യേകം ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുള്ളത്. ഒരു മന്ത്രിക്ക് ഒപ്പം പരമാവധി അഞ്ച് പേര്‍ക്ക് മാത്രമാണ് വേദിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുൻനിരയിൽ തന്നെ ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 

ഒരു പ്രധാന പന്തലിനൊപ്പം രണ്ട് ഉപ പന്തലുകൾ വേറെയും സജ്ജമാക്കിയിട്ടുള്ളത്. ചടങ്ങിനെത്തുന്നവര്‍ പോലും പരസ്പരം ഇടകലരാതെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്ന വിധമാണ് ക്രമീകരണങ്ങൾ . സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയിലേക്ക് എത്തില്ലെന്ന്  പ്രതിപക്ഷം നിലപാടെടുത്തിട്ടുണ്ട്. ഓൺലൈനായി സത്യപ്രതിജ്ഞ കാണാനാണ് തീരുമാനം എന്ന് പ്രതിപക്ഷം അറിയിക്കുകയും ചെയ്തു. ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും കൊവിഡ് വ്യാപന കാലത്തെ ഔചിത്യം കണക്കിലെടുത്ത് പ്രമുഖരിൽ പലരും എത്തില്ലെന്നും അറിയിപ്പുണ്ട്.  

സത്യപ്രതിജ്ഞാ ചടങ്ങ് തടസമില്ലാതെ കാണാൻ വലിയ വീഡിയോ വാളുകൾ അടക്കം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ആവേശം ചോരാതെ ജനങ്ങളിലേക്ക് എത്തിക്കാൻ വെർച്വൽ സംഗീത ആൽബം പ്രദര്‍ശനത്തിന് സജ്ജമായി. 52 ഗായകരും സംഗീത‍ഞ്ജരും അണിചേര്‍ന്നാണ് നവകേരള ഗീതാഞ്ജലി ഒരുങ്ങുന്നത്. ഇഎംഎസ് മുതൽ പിണറായി വിജയൻ സർക്കാർ വരെ നവകേരള നിർമ്മാണത്തിൽ വഹിച്ച പങ്ക് വരച്ച് കാട്ടുന്നതാണ് സംഗീത ആൽബം

click me!