
വ്യാഴാഴ്ചയിലെ വാര്‍ത്താസമ്മേളനത്തില്‍ മുസ്ലിം ലീഗിനെ വിശേഷിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ച ഒക്കച്ചങ്ങായി എന്ന വാക്കിന്റെ അര്‍ത്ഥം അധികമാര്‍ക്കുറിയുന്നതല്ല. ബിജെപിയുടെ ഒക്കച്ചങ്ങാതിയാണ് മുസ്ലീം ലീഗെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. തികച്ചും പ്രാദേശികമായ പ്രയോഗമാണിത്. പൊതുഇടങ്ങളില്‍ അധികമാരും കേള്‍ക്കാനിടയില്ല.
മലബാറിലെ തലശ്ശേരി, പാനൂര്‍ സമീപ പ്രദേശങ്ങളിലൊക്കെ കല്യാണദിവസം കല്യാണച്ചെറുക്കന്റെ അടുത്ത സുഹൃത്തിനെയാണ് ഒക്കച്ചങ്ങായി എന്നു പറയുക. വധുവിന് തോഴിയെങ്ങനെയാണോ അതിന് സമാനമാണ് ഒക്കച്ചങ്ങായിയുടെ കര്‍ത്തവ്യം. കല്ല്യാണ ചെറുക്കന്‍ കുളിച്ച് കുപ്പായമിടുന്ന സമയം മുതല്‍ ഒക്കച്ചങ്ങായിയും കൂടെയുണ്ടാകും. പൗഡര്‍ ഇട്ടുകൊടുക്കുക, ഷര്‍ട്ടിന്റെ ബട്ടണിട്ടു കൊടുക്കുക, കല്യാണമണ്ഡപം വരെ അനുഗമിക്കുക, വരന് ധൈര്യം നല്‍കുക എന്നതൊക്കെയാണ് ഒക്കച്ചങ്ങായിയുടെ ചുമതല.
പിണറായി വിജയന്‍ ലീഗിനെ ഒക്കച്ചങ്ങായി എന്ന് വിശേഷിപ്പിച്ചതിലൂടെ പലരും ഈ വാക്കിന്റെ അര്‍ത്ഥം തിരയുന്നുണ്ട്. ഇത് സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ കുറിപ്പുകളും വരുന്നു. മുഖ്യമന്ത്രി അമേരിക്കയിലായിരിക്കെ ഫയലില്‍ വ്യാജ ഒപ്പിട്ടുവെന്ന് ബിജെപിയുടെ ആരോപണത്തെ മുസ്ലിം ലീഗ് അനുകൂലിച്ചതിനാണ് ബിജെപിയുടെ ഒക്കച്ചങ്ങായിയാണ് ലീഗെന്ന് പിണറായി വിശേഷിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam