
കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സിപിഎമ്മിനെതിരെ ഉയർത്തിയ ഡീൽ ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഒരു അഖിലേന്ത്യ നേതാവ് ആണെന്നും പക്ഷേ ഒരു പ്രാദേശിക നേതാവിൻ്റെ ധാരണ പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ടാലും കൊണ്ടാലും പഠിക്കില്ല. ഒരു ആരോപണവും നേരെ ചൊവ്വെ മനസ്സിലാക്കില്ല. എത്ര മാത്രം അധഃപതനം ഉണ്ടാകുന്നതെന്ന് മനസിലാക്കാൻ കഴിയുന്നില്ലെന്നും മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു.
കെജ്‍രിവാളിൻ്റെ അറസ്റ്റ് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയാണ്. പിന്നെ എന്തുണ്ടായി. കെജ്‍രിവാൾ കുറ്റവിമുക്തനായി. എഎപിക്കെതിരെ ശക്തമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഇത് ബിജെപിയെ സഹായിച്ചു. ഡൽഹിയിൽ കോൺഗ്രസ് ബിജെപിയുടെ ബി ടീം ആയി. ഹരിയാനയിലും ഇത് തന്നെ ആവർത്തിച്ചു. ബിജെപി നേരിടാൻ രാജ്യത്ത് ബിജെപി ഇതര കൂട്ടായ്മ ഉണ്ടാകണം. പക്ഷേ ഹരിയാനയിൽ എന്ത് സംഭവിച്ചു. അവിടെയും ബി പാർട്ടിയായത് കോൺഗ്രസ് ആണ്. രാഹുൽ ഗാന്ധി ആണ്. സിപിഎം എന്നും അതിശക്തമായ നിലപാടാണ് ബിജെപിക്കെതിരെ സ്വീകരിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.
പത്ത് വർഷം വാഗ്ദാനങ്ങളുടെ രാഷ്ട്രീയം അല്ല. നടപ്പിലാക്കിയ പദ്ധതികളാണ് കൺമുന്നിൽ. അടുത്ത തലമുറ നാട്ടിൽ സന്തോഷകരമായ ജീവിതം നയിക്കേണ്ടതുണ്ട്. അത് മുന്നിൽ കണ്ടാണ് പല പദ്ധതികളും ആസൂത്രണം ചെയ്യുന്നത്. 2016 വരെ സംസ്ഥാനത്തിൻ്റെ അനുഭവം മാറി മാറി മുന്നണികൾ ഭരിക്കുന്നത് ആയിരുന്നു. അത് നാടിൻ്റെ പുരോഗതിയുടെ താളം തെറ്റിച്ചു. നഗര വികസനത്തിന് നയം രൂപീകരിക്കാൻ കമ്മീഷനെ നിയോഗിച്ചത് കേരളത്തിൽ ആണ്. കൊച്ചി വിവിധ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ ഈ ആസൂത്രണം കൊണ്ടാണ്. കൊച്ചി മെട്രോ കാക്കനാട് പാത നഗര ഗതാഗതത്തിന് പുതിയ ദിശ നൽകും.
വേനൽ ചൂട് വർധിക്കുന്നത് ഗൗരവമായി കാണണം. പ്രചരണം ആണ്. ഉച്ച സമയത്ത് നേരിട്ട് വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണം. അവരവരും പക്ഷി മൃഗാദികൾക്കും വെള്ളം കൊടുക്കാൻ ശ്രമിക്കണം. തെരഞ്ഞെടുപ്പ് പ്രവർത്തനം 12 മുതൽ ഉള്ള സമയം വെയിൽ കൊള്ളാതെ ഇരിക്കുകയാണ് നല്ലത്. രാഷ്ട്രീയ പാർട്ടിയുടെ സീൽ വന്നത് അവിശ്വസനീയമാണ്. കൈ പിഴ ആയി കാണാനാകില്ല. അന്വേഷണ വിവരങ്ങൾ എല്ലാവരും അറിയേണ്ടത് ആണ്. വിമർശനങ്ങൾ സ്വാഭാവികമാണ്. വിമർശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന നിലപാടിൽ നിന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ മാറി നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam