
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ കേവലം മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നത് ഏറെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ ജാതിയുടെ സവിശേഷ ഗുണം മനുഷ്യത്വം ആണെന്ന് ഗുരു അടിവരയിടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത വർഗീയശക്തികളുടെ ഗുരുവിനെ തങ്ങളുടെ ഭാഗത്തുനിർത്താനുള്ള ശ്രമങ്ങളെ ചേർത്തു തോൽപ്പിക്കണം. അന്യമത വിദ്വേഷം അലങ്കാരമായി കരുതുന്ന ഇത്തരം ശക്തികളാൽ ഗുരു അപഹരിക്കപ്പെടുന്നത് അനുവദിച്ചു കൂടാ. ഇത്തരം ശക്തികൾ മേധാവിത്വം വഹിക്കുന്ന അവസ്ഥ വന്നാൽ സമൂഹത്തിന്റെയാകെ രീതികൾ മാറുമെന്നും പഴയതിലേക്ക് മടങ്ങി പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെമ്പഴന്തിയിൽ ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീനാരായണഗുരു ജയന്തി മലയാളികൾ ഉള്ളിടങ്ങളിലെല്ലാം വിപുലമായാണ് ആഘോഷിക്കുന്നത്. മൂന്ന് വർഷം കൂടി കഴിയുമ്പോൾ ഗുരു സമാധിയുടെ ശതാബ്ദിയാവും. അർത്ഥപൂർണ്ണമായ തയ്യാറെടുപ്പുകൾ ഇപ്പോൾ ആരംഭിക്കണം. 2025 ഗുരുവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങൾക്ക് നാം സാക്ഷ്യ വഹിച്ച വർഷമാണ്. മാറുന്ന കാലവും നാം അടക്കമുള്ള തലമുറകളും ഈ ആചാര്യന്മാരോട് കടപ്പെട്ടിരിക്കുകയാണ്. ഗുരു ദർശനത്തോട് വർത്തമാനകാലം എത്രത്തോളം നീതി പുലർത്തുന്നു എന്ന ചോദ്യം സ്വയം ചോദിക്കണം. ഗുരുവിനെ വക്രീകരിക്കാനും സ്ഥാപിത താല്പര്യങ്ങൾക്ക് ഉപയോഗിക്കാനുമുള്ള ശ്രമങ്ങൾ നടക്കുകയാണ്. മനുഷ്യൻ എന്താണെന്ന് മതം എന്താണെന്ന് ഒക്കെ വചനങ്ങളിലൂടെ ഗുരു കാട്ടിത്തന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണസങ്കല്പം പോലും ചിലർ മാറ്റാൻ ശ്രമിക്കുന്നുവെന്നും വാമനനെയാണ് ഈ ദിവസം ഓർക്കേണ്ടതെന്ന് ചിലർ പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ വാമനന്റെ കാൽച്ചുവട്ടിൽ മഹാബലിയെ ചിത്രീകരിക്കുകയാണ്. ഓണമടക്കം എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തും. നരബലി പോലുള്ള ആചാരങ്ങൾക്കെതിരെ ഗുരു ശക്തമായി നില കൊണ്ടിരുന്നു. ഗുരുവിന്റെ ദർശനം പോലെ എല്ലാ മനുഷ്യരെയും ഒന്നായി കാണുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. അതി ദരിദ്ര്യരില്ലാത്ത നാടായി കേരളത്തെ പ്രഖ്യാപിക്കാൻ പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.