വിദ്യാഭ്യാസരംഗത്ത് നിർണായക തീരുമാനങ്ങൾ: സ്കൂളുകളിൽ ഭരണഘടന വായിക്കുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jan 6, 2020, 10:07 PM IST
Highlights

ഭാവിയിൽ ഇന്റേണൽ മാർക്ക് ഒഴിവാക്കും. വിദ്യാർത്ഥി യൂണിയനുകളിൽ 50 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നും ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി. 

തിരുവനന്തപുരം: സ്കൂള്‍, കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്‍റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കുന്നതിനായാണ് തീരുമാനം. വിദ്യാർത്ഥി യൂണിയനുകളിൽ 50 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നും ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവിയിൽ ഇന്റേണൽ മാർക്ക് ഒഴിവാക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു.

സംസ്ഥാനത്തിന്‍റെ ഭാവി വികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നേരിട്ടറിയാന്‍ യൂണിവേഴ്‌സിറ്റി- കോളേജ് വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളോട് നേരിട്ട് സംവദിക്കുന്നതിനായി കോഴിക്കോട് ഫാറൂഖ് കോളജില്‍ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോണ്‍ക്ലേവിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭരണഘടനയും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും ഭീഷണി നേരിടുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ ഭരണഘടനാ പഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന കലാലയ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ ആവശ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.

കോളേജ് വിദ്യാര്‍ത്ഥി യൂണിയനുകളില്‍ 50 ശതമാനം വനിതാ സംവരണം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ എന്ന കാര്യം ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കലാലയങ്ങളില്‍ വിദ്യാര്‍ത്ഥിനികളുടെ അംഗസംഖ്യ വലിയ തോതില്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ ഈ ആവശ്യത്തിന് പ്രസക്തിയുണ്ട്. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിയമ നിര്‍മ്മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കലാലയങ്ങളില്‍ ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ആരെയും തോല്‍പ്പിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭാവിയില്‍ ഇന്റേണല്‍ മാര്‍ക്ക് തന്നെ ഒഴിവാക്കാന്‍ ഉദ്ദേശമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്നതിന് അവസരം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുകയാണ്. പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഇല്ലാത്ത വിധം യൂണിവേഴ്‌സിറ്റി ലൈബ്രറികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പു നല്‍കി. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ യഥാസമയം നടത്തുന്നതിന് നടപടി ആയിട്ടുണ്ട്. ക്യാമ്പസുകള്‍ ലഹരി മുക്തമാക്കുന്നതിന് കൂട്ടായ പരിശ്രമം വേണം. ഇതിന് വിദ്യാര്‍ഥി യൂണിയനുകളുടെയും പി.ടി.എകളുടെയും ശക്തമായ പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!