Latest Videos

'മ്ലേച്ഛം, സ്ത്രീവിരുദ്ധം', മുല്ലപ്പള്ളി സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉൻമാദാവസ്ഥയുടെ തടവുകാരനെന്നും മുഖ്യമന്ത്രി

By Web TeamFirst Published Jun 20, 2020, 6:54 PM IST
Highlights

 തന്നിൽ അർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റുകയായിരുന്നു ആരോഗ്യമന്ത്രി. അതിന് അവരെ വേട്ടയാടുകയല്ലേ? പൊതുസമൂഹം ഇതൊന്നും അംഗീകരിക്കില്ല.

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയെ അവഹേളിച്ച മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉൻമാദാവസ്ഥയുടെ തടവുകാരനാവുകയാണ് കെപിസിസി പ്രസിഡന്‍റെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

നിപ പ്രതിരോധത്തിനിടെ ജീവൻ ബലിയർപ്പിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. ലിനിയുടെ ജീവത്യാഗം കേരളം കണ്ണീരോടെയാണ് കണ്ടത്. ലോകം മുഴുവൻ ആദരിക്കുന്ന രക്തസാക്ഷിയാണ് സിസ്റ്റർ ലിനി. അവരുടെ കുടുംബത്തെ നമ്മുടെ കുടുംബമായാണ് കേരളം കാണുന്നത്. അതിനെ അംഗീകരിക്കണ്ട. അതിനെ വേട്ടയാടാതിരുന്ന് കൂടേ? എന്തിനാണ് ലിനിയുടെ കുടുംബത്തിനെതിരെ ഈ ക്രൂരത എന്നതാണ് ആശ്ചര്യകരം. ജീവിതത്തിലെ പ്രതിസന്ധികാലത്ത് തന്‍റെ കൂടെ നിന്നത് ആരാണെന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞു എന്നതിന്‍റെ പേരിലാണ് പ്രതിഷേധം. 

നമ്മുടെ സഹോദരങ്ങൾ മരിച്ചുവീഴും എന്ന് ഭയപ്പെട്ട നിപയെ ചെറുത്ത് തോൽപിച്ചത്  ഓർക്കുമ്പോൾ കണ്ണീരോടെ ഓർക്കേണ്ട ആദ്യമുഖം ലിനിയുടേതാണ്. നിപയ്ക്ക് എതിരായ പോരാട്ടത്തിൽ ആരോഗ്യമന്ത്രി മുന്നിൽ തന്നെ ഉണ്ടായിരുന്നു. ആ മന്ത്രിയെ മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോൾ ആദ്യം ലിനിയുടെ കുടുംബം തന്നെ സ്വാഭാവികമായും പ്രതിഷേധിക്കാം. ആ കുടുംബത്തെ അധിക്ഷേപിച്ച കോൺഗ്രസ് എന്ത് പ്രതിപക്ഷധർമമാണ് നിറവേറ്റുന്നത്. സിസ്റ്റർ ലിനി കേരളത്തിന്‍റെ സ്വത്താണ്. ആ കുടുംബത്തിനൊപ്പമാണ് കേരളം. അവർക്ക് എല്ലാ സുരക്ഷിതത്വവും ഈ നാട് നൽകും. 

കോൺഗ്രസ് നേതാക്കളുടെ ഇത്തരം ചെയ്തികളെക്കുറിച്ച് രാഷ്ട്രീയവിരോധം വച്ച് പറയുകയല്ല. ആരോഗ്യമന്ത്രിയെക്കുറിച്ച് നേതാക്കൾ നടത്തുന്ന പ്രസ്താവനകളുടെ പ്രകോപനമെന്താണ്? തന്നിൽ അർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റുകയായിരുന്നു അവർ. അതിന് അവരെ വേട്ടയാടുകയല്ലേ? പൊതുസമൂഹം ഇതൊന്നും അംഗീകരിക്കില്ല.

ഈ സർക്കാരിനോട് അനുഭാവം കാട്ടാത്ത പത്രം മുഖപ്രസംഗത്തിന്‍റെ വാചകങ്ങൾ ശ്രദ്ധിക്കണം: പ്രവാസികളെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾ അവഗണിക്കുന്നു എന്നാരോപിച്ച് ചെന്നിത്തല നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുമ്പോൾ മുല്ലപ്പള്ളി നടത്തിയ പ്രസ്താവന പാർട്ടിക്ക് എന്നല്ല നാടിന് തന്നെ വലിയ നാണക്കേട് വരുത്തി വയ്ക്കുന്നു. അന്ന് നിപ രാജകുമാരി, ഇന്ന് കൊവിഡ് റാണി എന്നീ പദവികൾക്കാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നത്. സ്വന്തം നാവിന്‍റെ വിലയും നിലയും അവനവൻ തിരിച്ചറിയണം. വില കെട്ട വാക്കുകൾ ഒരു വനിതയ്ക്ക് നേരെ ഉപയോഗിക്കുമ്പോൾ അത് നിന്ദ്യമാകുന്നു.

സർക്കാർ നിലപാടുകളിലെ വിയോജിപ്പ് പറയുന്നത് അന്തസ്സോടും ബഹുമാനത്തോടെയുമാകണം. നിപ പോരാളികളുടെ ആത്മധൈര്യം കെടുത്തുന്ന പരാമർശമാണ് കെപിസിസി പ്രസിഡന്‍റിന്‍റേത്. സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉൻമാദാവസ്ഥയുടെ തടവുകാരനാവുകയാണ് കെപിസിസി പ്രസിഡന്‍റ്. കേരളത്തെക്കുറിച്ച് നല്ലത് പറയുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നുണ്ടെങ്കിൽ എത്ര അധഃപതിച്ച മനസ്സാണത്? അദ്ദേഹത്തെ അസഹിഷ്ണുവാക്കുന്നതെന്ത്?

കേരളം ലോകത്തിന് മാതൃകയാകുന്നു. അദ്ദേഹത്തിന്‍റെ മനോനിലയുടെ പ്രതിഫലനമാണിത്. സ്ത്രീവിരുദ്ധവുമാണ്. ഇങ്ങനെയാണോ സ്ത്രീകളെ നിങ്ങൾ കാണുന്നത്? ഇങ്ങനെ പറഞ്ഞാലേ അണികളുടെ കയ്യടി കിട്ടൂ എന്ന് കരുതിയാണോ. തരംതാണ പരാമ‌ർശമായിപ്പോയി ഇത്. ഇത് വെറും മന്ത്രിക്കെതിരായ പരാമർശം മാത്രമല്ല, കേരളം ഒന്നാമതെത്തിയത് സഹിക്കാനാകാഞ്ഞിട്ടുള്ള ക്ഷോഭം കൂടിയായിട്ടാണ്.

ആ ക്ഷോഭം കൊണ്ട് പേശികൾക്ക് അധ്വാനം കൂടുമെന്നല്ലാതെ വേറൊന്നുമില്ല. രാഷ്ട്രീയ തിമിരം ബാധിച്ച് യാഥാർത്ഥ്യം കാണാതെ പോയ മനസ്സിന്‍റെ ജൽപനം മാത്രമാണിത്. രോഗപ്രതിരോധത്തെ പരാജയപ്പെടുത്താൻ പല മാതിരി ശ്രമിച്ചവർ ഇത്തരം പ്രസ്താവന നടത്തുന്നതിനെ അവഗണിക്കുകയല്ലേ നല്ലത്? രോഗം വരുമ്പോൾ ഒരുമിച്ച് നിൽക്കുകയല്ലേ വേണ്ടത്? ഇത് ആ തരത്തിൽ കേരളത്തിനാകെ അപമാനകരമാകുന്നു. ലോകസമൂഹത്തിൽ കേരളത്തെ അപകീർത്തിപ്പെടുത്തലാണിത്. ലോകം മഹാമാരിയെ നേരിടുകയാണ്. ഇന്നത്തെ തലമുറ ഇത്തരം ഒരു ദുരന്തത്തെ കണ്ടിട്ടില്ല. സർക്കാർ തുടക്കം മുതൽ അതിനെ അങ്ങനെയാണ് കണ്ടത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരു വേദിയിലിരുന്ന് ചർച്ച നടത്തി. നിരവധി വിയോജിപ്പുകളുണ്ടായിട്ടും കേന്ദ്രവുമായി പൂർണമായി സഹകരിച്ചു. വിവാദത്തിലേക്ക് വലിച്ചിഴച്ചില്ല. സർക്കാർ നിലപാടുകളെ തുരങ്കം വയ്ക്കാൻ പ്രതിപക്ഷം നിരന്തരം ശ്രമിച്ചു. റോക്കിംഗ് സ്റ്റാർ എന്ന് പറഞ്ഞാൽ ഡാൻസർ എന്ന പരിഭാഷ ഇദ്ദേഹത്തിനെവിടെ നിന്നാണ് കിട്ടിയത്? തിക്കിത്തിരക്കിയല്ലേ സെക്രട്ടേറിയറ്റിന് മുന്നിൽ ഇവർ സമരം നടത്തിയത്?

 

click me!