അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും 1900 കോടി രൂപ കിഫ്ബി വഴി നൽകാനും തീരുമാനിച്ച് മന്ത്രിസഭാ യോഗം
തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും 1900 കോടി രൂപ കിഫ്ബി വഴി നൽകാനും തീരുമാനിച്ച് മന്ത്രിസഭാ യോഗം. 1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിന്‍റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ, 8 കിലോമീറ്റർ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെയുള്ള 7 കിലോമീറ്റർ ദൂരത്തെ നിർമ്മാണ പ്രവൃത്തികളുടെ ഏകദേശം 90 ശതമാനവും വർഷങ്ങൾക്ക് മുമ്പേ പൂർത്തിയായിരുന്നു. ബാക്കിയുള്ള ദൂരത്തേക്കായി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിരുന്നെങ്കിലും, അവയുടെ കാലാവധി അവസാനിച്ചതിനാൽ നടപടികൾ വീണ്ടും ആദ്യഘട്ടം മുതൽ തുടങ്ങേണ്ട അവസ്ഥയിലാണ്. ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങളും റെയിൽവേ ബജറ്റിൽ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വർഷത്തിലേറെയായി ഈ പദ്ധതി സ്തംഭനാവസ്ഥയിലാണ്.



