ഇനിയുള്ളത് സാമൂഹിക വ്യാപനത്തിന്‍റെ ഘട്ടം; സുരക്ഷാ മുന്‍ കരുതലുകളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jul 11, 2020, 7:23 PM IST
Highlights

സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഈ സാഹചര്യത്തില്‍ ബ്രേക്ക് ദി ചെയ്ൻ ക്യാംപെയ്ൻ ശക്തമായി മുന്നോട്ട് പോകണം. സാമൂഹിക അകലം കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ളത് സാമൂഹിക വ്യാപനത്തിന്‍റെ ഘട്ടമാണെന്നും പ്രതിരോധത്തിന് കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ മുന്‍ കരുതലുകളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എന്തിന്‍റെ പേരിലായാലും സമരങ്ങള്‍ അനുവദിക്കാനാവില്ലെന്നും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള സമരം കുറ്റകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഈ സാഹചര്യത്തില്‍ ബ്രേക്ക് ദി ചെയ്ൻ ക്യാംപെയ്ൻ ശക്തമായി മുന്നോട്ട് പോകണം. സാമൂഹിക അകലം കർശനമായി പാലിക്കണം. കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് ശുചിയാക്കണം. പൊതു ഇടങ്ങളിൽ മാസ്ക് ഉപയോഗം പ്രധാനപ്പെട്ടത്. രോഗം ഒരാളിൽ നിന്ന് പകരാതിരിക്കാൻ മാസ്ക് സഹായിക്കുന്നു. കൊവിഡ് ബാധിതനായ ഒരാളും മറ്റൊരു വ്യക്തിയും മാസ്കില്ലാതെ അടുത്തടുത്ത് വന്നാൽ രോഗം പകരാൻ സാധ്യത കൂടും. രണ്ടാളുകളും മാസ്ക് ധരിച്ചാൽ രോഗം പകരാനുള്ള സാധ്യത കുറയും. പൊതു സ്ഥലങ്ങളിൽ മാസ്കുകൾ നിർബന്ധമായും എല്ലാവരും ധരിക്കണം. മാസ്ക് ധരിച്ചത് കൊണ്ട് എല്ലാമാകില്ല. ശാരീരിക അകലം പാലിച്ചില്ലെങ്കിൽ മാസ്ക് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധത്തെ തകർക്കാൻ ശ്രമങ്ങളുണ്ടാവുന്നുണ്ട്. അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നും ചില കേന്ദ്രങ്ങളിൽ സുരക്ഷ കൂട്ടാക്കാതെ സമരം സംഘടിപ്പിച്ചു. ഇത് എന്തിന്റെ പേരിലായാലും അനുവദിക്കാനാവില്ല. പ്രകൃതി ദുരന്തവും മറ്റും വന്നപ്പോൾ മറ്റെല്ലാം മാറ്റിവച്ച് പ്രതിരോധത്തിന് ഒന്നിച്ച് ഇറങ്ങിയ നാടാണിത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തുന്നതും നേതൃത്വം വഹിക്കുന്നതും കുറ്റകരമാണ്. നിരന്തരം ഇത് പറയുന്നത് നമ്മുടെ രോഗവ്യാപന തോത് കുറയ്ക്കാൻ ഇതേ മാർഗ്ഗമുള്ളൂ എന്നത് കൊണ്ടാണെന്നും പിണറായി വിജയന്‍ പറഞ്ഞു. 

വൈറസ് ബാധിതരിൽ നല്ലൊരു ഭാഗം യാതൊരു ലക്ഷണവും കാണിക്കുന്നില്ല. ലക്ഷണം ഇല്ലാത്തവരിൽ പോസിറ്റീവാകുന്നത് ടെസ്റ്റിന്റെ ബലഹീനതയല്ല. ചെറിയ അണുബാധ പോലും കണ്ടെത്താനുള്ള ടെസ്റ്റിന്റെ കഴിവാണിത്. ലക്ഷണം ഇല്ലാത്തവരിൽ നിന്ന് രോഗം പകരാം. ഇങ്ങിനെ ബാധിക്കുന്നവരിൽ ഗുരുതര ലക്ഷണം കാണിക്കാം. കൊവിഡ് സംസ്ഥാനത്ത് ആകെ പടർന്നുപിടിക്കുന്ന സാഹചര്യം ഉണ്ടായാൽ രോഗം പടർന്നുപിടിക്കുന്നതിന് ബുദ്ധിമുട്ടാകും. കഴിയുന്നത്ര രോഗികളെ ടെസ്റ്റ് ചെയ്ത് കണ്ടെത്തേണ്ടതുണ്ട്. മറ്റ് പ്രദേശങ്ങളിലേക്ക് രോഗം പടർന്നു പിടിക്കുന്നത് തടയാനാണ് ശ്രമം. ഏറ്റവും ശാസ്ത്രീയമായ മാർഗങ്ങളും ഉചിതമായ ടെസ്റ്റിങ് രീതികളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിനോട് എല്ലാവരും പൂർണ്ണ മനസോടെ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

click me!