ആഴക്കടല്‍ മത്സ്യബന്ധനം: കെഎസ്ഐഎൻസി എംഡിയെ പഴിചാരി മുഖ്യമന്ത്രി, പ്രതിപക്ഷം ഉൾപ്പെട്ട ഗൂഢാലോചനയെന്നും പ്രതികരണം

By Web TeamFirst Published Mar 25, 2021, 3:06 PM IST
Highlights

കരാർ ഒപ്പിട്ട കെഎസ്ഐഎൻഎൽ എംഡി എൻ പ്രശാന്തിനെ മാത്രം ഒറ്റപ്പെടുത്തി സർക്കാർ പ്രതിരോധം തീർത്ത് വരുമ്പോൾ മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫും വിശ്വസ്തരുമെല്ലാം എല്ലാം അറിഞ്ഞുവെന്ന വിവരം അതീവ ഗൗരവതരം തന്നെയാണ്

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഇഎംസിസി കരാർ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന നിർണായക രേഖകൾ പുറത്ത് വന്നത് സർക്കാറിനെ കടുത്ത വെട്ടിലാക്കി. രേഖകൾ പുറത്തുവന്നതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. കെഎസ്ഐഎൻഎൽ എംഡി എൻ പ്രശാന്തിനെ മഹാൻ എന്ന് പരിഹസിച്ചും ദല്ലാൾ എന്ന് വിളിക്കപ്പെടുന്ന ആളും ഇടപെട്ടെന്നും പറഞ്ഞായിരുന്നു പിണറായി ഇക്കാര്യത്തിൽ മറുപടി പറഞ്ഞുതുടങ്ങിയത്. 

എന്നാൽ കരാർ ഒപ്പിട്ട കെഎസ്ഐഎൻഎൽ എംഡി എൻ പ്രശാന്തിനെ മാത്രം ഒറ്റപ്പെടുത്തി സർക്കാർ പ്രതിരോധം തീർത്ത് വരുമ്പോൾ മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫും വിശ്വസ്തരുമെല്ലാം എല്ലാം അറിഞ്ഞുവെന്ന വിവരം അതീവ ഗൗരവതരം തന്നെയാണ്. പ്രശാന്ത് തന്റെ എപിഎസ്സിനെ അറിയിച്ചതിൽ ദുരൂഹത ആരോപിക്കുന്ന മുഖ്യമന്ത്രി എപിഎസ്സിൻറെ മറുപടിയെ പക്ഷേ സ്വാഭാവികമെന്ന് വിശേഷിപ്പിക്കുന്നു. പ്രശാന്തിനെ വീണ്ടും സംശയത്തിൻറെ നിഴലിൽ നിർത്തിയാണ് ഇന്നും മുഖ്യമന്ത്രിയുടെ മറുപടി. ഇഎംസിസിയുമായി എൻ പ്രശാന്ത് കരാർ ഒപ്പിടാനുള്ള സാഹചര്യത്തെ കുറിച്ചുള്ള സർക്കാർ അന്വേഷണത്തിന്റെ സാധുത തന്നെ ചോദ്യം ചെയ്യുന്നതാണ് പുുറത്ത് വന്ന വിവരം. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞു എന്നത് മാത്രമല്ല അന്വേഷിക്കുന്ന മുതി‍ർന്ന ഉദ്യോഗസ്ഥൻ ടികെ ജോസുമായും പ്രശാന്ത് ആശയവിനിമയം നടത്തിയെന്ന വിവരവും പുറത്ത് വന്നുകഴിഞ്ഞു. 

click me!