സോളാർ പീഡന കേസ്; ഉമ്മൻ ചാണ്ടിക്കെതിരെ ഇതുവരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

By Web TeamFirst Published Mar 25, 2021, 12:16 PM IST
Highlights

പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയെന്ന് സാക്ഷിമൊഴികളില്ല. ഫോൺ വിശദാംശങ്ങൾ നൽകാനാവില്ലെന്ന് കമ്പനികൾ അറിയിച്ചുവെന്നും ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

തിരുവനന്തപുരം: സോളാർ പീഡന പരാതിയിൽ ഉമ്മൻചാണ്ടിക്കെതിരെ ഇതേ വരെ തെളിവില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്. പരാതിക്കാരി ക്ലിഫ് ഹൗസിൽ പോയതിനുള്ള തെളിവ് കണ്ടെത്താനിയില്ലെന്നുമുള്ള റിപ്പോർട്ടിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സത്യം പുറത്തുവന്നതിൽ സന്തോഷമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

സ്ലഗ് സോളാർ പീഡന കേസ് സിബിഐക്ക് വിട്ട സർക്കാരിനെ വെട്ടിലാക്കുന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോ‍ർട്ട്. 2012 ആഗസ്റ്റ് 19 ന് ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്ലിഫ് ഹൗസിൽ അന്നേ ദിവസം ജോലിക്കുണ്ടായിരുന്ന പൊലീസുകാർ, പേഴ്സണൽ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം. പരാതിക്കാരി അന്നേ ദിവസം ക്ലിഫ് ഹൗസിൽ വന്നായി ആരും മൊഴി നൽകിയിട്ടില്ല. വർഷങ്ങള്‍ കഴിഞ്ഞതിനാൽ ടൂർ ഡയറിയും മറ്റ് രേഖകളും ശേഖരിക്കാനും കഴിഞ്ഞില്ല. സംഭവം നടന്ന് ഏഴുവർഷം കഴിഞ്ഞതിനാൽ ഫോണ്‍ വിശാംശങ്ങള്‍ നൽകാനാവില്ലെന്ന് മൊബൈൽ കമ്പനികളും രേഖമൂലം അറിയിച്ചു. 

പരാതിക്കാരിക്കാരിയുടെ മൊഴിയല്ലാതെ മറ്റ് തെളിവുകളൊന്നും ഇതേ വരെ കൈമാറിയില്ലെന്നും പൊലീസ് റിപ്പോ‍ട്ടിൽ പറയുന്നു. സോളാർ പീഡന കേസുകള്‍ സർക്കാർ സിബിഐക്ക് കൈമാറിയിരുന്നു. വിജ്ഞാപനത്തിനൊപ്പം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ കേസിൻ്റെ വിശദാംശങ്ങള്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു.  പ്രത്യേക സംഘത്തിൻ്റെ കണ്ടെത്തൽ ആഭ്യന്തര സെക്രട്ടറി സിബിഐക്കും കൈമാറി. സോളാർ പീഡന കേസിൻ്റെ വിശദാംശങ്ങള്‍ ഇന്നലെ പരാതിക്കാരി സിബിഐയുടെ ദില്ലി ആസ്ഥാനത്ത് കൈമാറിയതിനു പിന്നാലെയാണ് ഉമ്മൻചാണ്ടിക്കെതതിരെ തെളിവില്ലെന്ന റിപ്പോ‍ർട്ട് പുറത്തുവരുന്നത്.

ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ ഉള്‍പ്പെടെയുള്ളവർക്കെതിരെ ആറ് പീഡന കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാല് വർഷമായി കേസന്വേഷിക്കുന്ന കേരള പൊലീസിനെ ആർക്കെതിരെയും തെളിവു കണ്ടെത്താനായിട്ടില്ല. സംസ്ഥാന സർക്കാർ കൈമാറിയ റിപ്പോർട്ടിന്‍റ് അടിസ്ഥാനത്തിൽ സിബിഐ ഇപ്പോൾ പ്രാഥമിക പരിശോധന നടത്തിവരുകയാണ്.

click me!