
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരി മികച്ച സഖാവാണെന്ന സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യം പോലും നോക്കാതെ തൃക്കാക്കരയിൽ കോടിയേരി സജീവമായെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യം ആണ് ഇപ്പോൾ പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാരോഗ്യം മൂലമാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.
മൂന്നാമൂഴത്തിൽ സംസ്ഥാന സെക്രട്ടറിയായി അഞ്ചുമാസം പിന്നിടുമ്പോഴാണ് കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് നിർണ്ണായക തീരുമാനമെടുത്തത്. കോടിയേരിയെ സെക്രട്ടറിയായി നിലനിർത്തി പകരം സംവിധാനത്തിന് അവസാനം വരെ നേതൃത്വം ശ്രമിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ യെച്ചൂരിയും പിണറായിയും എം എ ബേബിയും കോടിയേരിയെ വീട്ടിലെത്തി കണ്ട് അവധി പോരെ എന്ന് ചോദിച്ചു. എന്നാല്‍ സർക്കാർ വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ സ്ഥിരം സെക്രട്ടറി തന്നെയാണ് വേണ്ടതെന്ന നിലപാടിൽ കോടിയേരി ഉറച്ചുനിന്നു. ഇതോടെയാണ് മാറ്റത്തിനുള്ള പാർട്ടി തീരുമാനം.
ഇ പി ജയരാജൻ, എ വിജയരാഘവൻ, പി രാജീവ് അടക്കം പല പേരുകൾ ഉയർന്ന് കേട്ടെങ്കിലും ഒടുവിൽ കണ്ണൂരിൽ നിന്ന് തന്നെയാണ് കോടിയേരിക്ക് പകരക്കാരൻ എത്തിയത്. പാർട്ടിയുടെ സൈദ്ധാന്തിക മുഖം, പ്രായം, പക്ഷങ്ങളില്ലാത്ത സ്വീകാര്യത- തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് പാർട്ടി എംവി ഗോവിന്ദനെ അമരത്തേക്ക് തെരഞ്ഞെടുത്തത്. ഔദ്യോഗിക തീരുമാനത്തിന് പിന്നാലെ എം വി ഗോവിന്ദൻ എകെജി സെന്‍ററിന് മുന്നിലെ എകെജി ഫ്ലാറ്റിലെ കോടിയേരിയെ സന്ദർശിച്ചു
തദ്ദേശസ്വയംഭരണം, എക്സെസൈ് എന്നീ സുപ്രധാന വകുപ്പുകളുള്ള എം വി ഗോവിന്ദൻ രണ്ടാം പിണറായി സർക്കാരിലെ രണ്ടാമനാണ്. മന്ത്രി സെക്രട്ടറിയായതോടെ കാബിനറ്റിലെ പകരക്കാരൻ ആരാണെന്നത് അടുത്ത അഭ്യൂഹം. എം വി ഗോവിന്ദന് പകരവും നേരത്തെ സജി ചെറിയാൻ രാജിവെച്ച ഒഴിവിലേക്കും മന്ത്രിസഭയിലേക്ക് രണ്ട് പേർ എത്തുമെന്നാണ് ഒരു സാധ്യത. പി നന്ദകുമാർ, എ എൻ ഷംസീർ , പി പി ചിത്തരജ്ഞൻ അടക്കമുള്ള പേരുകൾ സജീവ ചർച്ചയിലുണ്ട്. ഒന്നാം പിണറായി സർക്കാരിലെ കെ കെ ശൈലജയെ വീണ്ടും മന്ത്രിയാക്കുമെന്നാണ് അടുത്ത അഭ്യൂഹം. സ്പീക്കർ എം ബി രാജേഷിനെ മന്ത്രിയാക്കി വീണ ജോർജിനെ സ്പീക്കറാക്കി വകുപ്പുകളിലടക്കം ആകെ അഴിച്ചുപണി നടത്തിയേക്കും എന്നുമുണ്ട് ചർച്ചകൾ. മന്ത്രിസഭാ അഴിച്ചുപണിയുടെ ചുമതല സെക്രട്ടറിയേറ്റിനാണ് ഓണത്തിന് ശേഷമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam