
ബത്തേരി: സംസ്ഥാനത്ത് കനത്ത മഴ വീണ്ടും നാശം വിതയ്ക്കുന്നു. മലയോര മേഖലകളിൽ ശക്തമായ മഴയ്ക്കൊപ്പം മലവെള്ളപ്പാച്ചിലും ഉരുൾപ്പൊട്ടലും ഉണ്ടാകുന്നത് ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. കണ്ണൂരിന് പിന്നാലെ വയനാട് ബത്തേരിയും ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിൽ ദുരിതം അനുഭവിക്കുകയാണ്. അമ്പുകുത്തി മലയ്ക്ക് സമീപം മലവയലിലാണ് സംഭവം. തോട് കരകവിഞ്ഞതിനെ തുടർന്ന് വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകി. ചില വീടുകളിൽ വെള്ളം കയറി. വയലിനോട് ചേർന്ന സ്ഥലമായതിനാൽ വേഗത്തിൽ വെള്ളം കയറുകയായിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുമെന്ന് വാർഡ് മെമ്പർ അറിയിച്ചു.
കണ്ണൂര്‍ ഏലപ്പീടികയില്‍ ഉരുള്‍പൊട്ടല്‍; നെടുമ്പോയിൽ ചുരത്തിൽ വീണ്ടും മലവെള്ളപ്പാച്ചിൽ
കണ്ണൂരിലെ മലയോര മേഖലയായ കണിച്ചാർ പഞ്ചായത്തിൽ ഏലപ്പീടികയ്ക്ക് സമീപത്തെ വനത്തിലാണ് ഉരുൾപൊട്ടിയത്. ഇതേതുടർന്ന് ഇരുപത്തി ഏഴാം മൈൽ, പൂളക്കുറ്റി, ഭാഗങ്ങളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. വെള്ളം കുത്തിയറിങ്ങി ഒറ്റപ്പെട്ട താഴെ വെള്ളറ കോളനിയിലെ കുടുംബങ്ങളെ അഗ്നിരക്ഷ സേനയെത്തി ബന്ധുവീടുകളിലേക്ക് മാറ്റി. കാഞ്ഞിരപ്പുഴയിൽ വെള്ളം ക്രമാതീതമായി കൂടുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അറിയിപ്പുണ്ട്. കണിച്ചാർ കേളകം പഞ്ചായത്തുകളിൽ വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്. ഒരുമാസം മുൻപ് ഈ ഭാഗത്തുണ്ടായ ഉരുൾ പൊട്ടലിൽ വെള്ളറയിലെ രാജേഷ്, താഴെ വെള്ളറ കോളനിയിലെ ചന്ദ്രൻ, രണ്ടര വയസുകാരി നുമ തസ്ളീൻ എന്നിവർ മരിച്ചിരുന്നു. പ്രദേശവാസികൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് വീണ്ടും ഭീതി പരത്തി ഉരുൾ പൊട്ടലുണ്ടായത്.
സംസ്ഥാനത്ത് മഴ തുടരും, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ
അതേസമയം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇത് പ്രകാരം ഇന്ന് ഇടുക്കി ജില്ലയിൽ അതിശക്തമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
28-08-2022: ഇടുക്കി
ജില്ലയിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
28-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
29-08-2022: കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
30-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
31-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
01-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.