നാടിനോട് ചെയ്യുന്നത് ഹീനകൃത്യം; ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തിനെതിരെ മുഖ്യമന്ത്രി

By Web TeamFirst Published Aug 11, 2019, 12:40 PM IST
Highlights

ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങൾ നാടിനോട് ചെയ്യുന്ന ഹീനകൃത്യമാണ്. സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുനനന്തപുരം: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കെതിരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയും നടക്കുന്ന പ്രചാരണങ്ങൾ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില കേന്ദ്രങ്ങളിൽ നിന്ന് മനപൂര്‍വ്വം നുണപ്രചാരണം നടക്കുകയാണ്. അതിനെ പൊതുജനം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

ഓരോ ക്യാമ്പിലും ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാനും അവ കളക്ഷൻ സെന്‍ററുകളിലേക്ക് കൈമാറാനും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. അനാവശ്യ സാധനങ്ങൾ കുമിഞ്ഞു കൂടുന്നത് അതുവഴി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ക്യാമ്പിൽ കഴിയുന്നവരെ കാണാൻ പുറത്തുനിന്ന് ആളുകളെത്തുന്നത് കര്‍ശനമായി തടയാനും സര്‍ക്കാര്‍ ഉദ്ദേശിക്കുയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു കാരണവശാലും വകമാറ്റി ചെലവഴിക്കാനാകില്ല. പക്ഷെ ചിലര്‍ ബോധപൂര്‍വ്വം എതിര്‍പ്രചാരണം അഴിച്ചുവിടുകയാണ്. കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് വലിയ തോതിൽ സംഭാവന നൽകാൻ കേരളത്തിന് അകത്തുനിന്നും പുറത്തു നിന്നും ഉള്ളവര്‍ തയ്യാറായി. പക്ഷെ ഇത്തവണ ഇതിനെതിരെ കരുതിക്കൂട്ടി ഇടപെടൽ നടക്കുകയാണ്. 

സമൂഹമാധ്യമങ്ങളിൽ അടക്കം നടത്തുന്ന ക്യാന്പെയിനുകൾ തള്ളിക്കളയാൻ ജനങ്ങൾ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരിതാശ്വാസ നിധിയെന്നാണ് ഔദ്യോഗിക സംവിധാനമാണ്. ഒരു പൈസ പോലും വകമാറ്റി ചെലവഴിക്കില്ല. സംഭാവനകൾ മാത്രമല്ല ബജറ്റ് വിഹിതവും അതിലുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വ്യാജ പ്രചാരണങ്ങൾക്കെതിരെ മാധ്യമങ്ങൾക്കും വലിയ പങ്കുവഹിക്കാനാകുമെന്നും സര്‍ക്കാര്‍ ശ്രമങ്ങളെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

click me!