
എറണാകുളം / തിരുവനന്തപുരം: സിപിഐ നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെ സിപിഐ എംഎൽഎ എൽദോ എബ്രഹാം അടക്കമുള്ളവര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. എറണാകുളം സെൻട്രൽ സ്റ്റേഷൻ എസ്ഐ ചൂരലുകൊണ്ട് ആഞ്ഞടിക്കുന്ന ചിത്രമാണ് എൽദോ എബ്രഹാം പുറത്ത് വിട്ടത്. പൊലീസ് അതിക്രമത്തിനുള്ള തെളിവ് ചോദിക്കുന്നവര്‍ക്കുള്ള മറുപടി ഇതാണെന്നും എംഎൽഎ പറയുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് ഭരണകക്ഷി എംഎൽഎ അടക്കമുള്ളവര്‍ക്ക് പൊലീസ് അതിക്രമത്തിൽ പരിക്കേറ്റതോടെ എറണാകുളം ജില്ലാകളക്ടറോട് വിശദമായ റിപ്പോര്‍ട്ട് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. സിപിഎം സിപിഐ ബന്ധം വഷളാവുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തിയതിനാൽ സമഗ്രമായ തെളിവെടുപ്പും അന്വേഷണവുമാണ് എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്നത്. തെളിവെടുപ്പിനെത്തിയ കളക്ടര്‍ക്കും പൊലീസ് അതിക്രമത്തിന്‍റെ ഫോട്ടോ എംഎൽഎ കൈമാറിയിട്ടുണ്ട്.
അതിക്രമത്തിന് ഇരയായവരുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും എല്ലാം പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്ന് എറണാകുളം ജില്ലാകളക്ടറും പ്രതികരിച്ചു. ചികിത്സയുടെ വിശദാംശങ്ങൾ ഡോക്ടര്‍മാരോടും തേടിയിട്ടുണ്ട്. സമഗ്രമായ റിപ്പോര്‍ട്ട് നാല് ദിവസത്തിനകം സര്‍ക്കാരിന് കൈമാറുമെന്നാണ് വിവരം.
അതേസമയം എംഎൽഎക്ക് തല്ലുകൊണ്ടത് നിര്‍ഭാഗ്യകരമെന്ന് പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ എല്‍ദോഎബ്രഹാം എംഎല്‍എ യേയും സിപിഐ നേതാക്കളെയും മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും നല്‍കി. പാര്‍ട്ടി എംഎല്‍എക്കും ജില്ലാസെക്രട്ടറി അടക്കമുള്ള നേതാക്കള്‍ക്കുമെതിരെയുള്ള പൊലീസ് അതിക്രമത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച സിപിഐക്ക് പൂര്‍ണ പിന്തുണ നല്‍കിയാണ് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണനും പ്രതികരിച്ചത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam