'മിഠായി കഴിച്ച് കവര്‍ എന്ത് ചെയ്യും'; നോര്‍വെയിലെത്തിയ മുഖ്യമന്ത്രിയോട് കുഞ്ഞു സാറയുടെ ചോദ്യം, മറുപടി ഇങ്ങനെ

By Web TeamFirst Published Oct 7, 2022, 3:36 PM IST
Highlights

രണ്ട് അക്കാദമീഷ്യൻമാർ പണ്ട് സിംഗപ്പൂരിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചത് ഓർമ്മിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. മാലിന്യ സംസ്കരണം പ്രധാന പ്രശ്നമായി സർക്കാർ കാണുന്നുവെന്നും അത് പരിഹരിക്കുന്നതിനായി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

നോർവേ: നോർവേയിലെ മലയാളി അസോസിയേഷനായ 'നന്മ' യുടെ  സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയോടുള്ള  ആദ്യ ചോദ്യം കുഞ്ഞു സാറയുടേതായിരുന്നു. നാട്ടിൽ വന്നപ്പോൾ മിഠായി കഴിച്ചപ്പോൾ അതിന്‍റെ കടലാസ് ഇടാൻ വേസ്റ്റ് ബിൻ നോക്കിയിട്ട് എങ്ങും കണ്ടില്ലെന്നും ഇനി വരുമ്പോൾ ഇതിനു മാറ്റമുണ്ടാകുമോ എന്നതായിരുന്നു രണ്ടാം ക്ലാസ്സുകാരിയുടെ ചോദ്യം. രണ്ട് അക്കാദമീഷ്യൻമാർ പണ്ട് സിംഗപ്പൂരിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചത് ഓർമ്മിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

'രണ്ട് അക്കാദമീഷ്യൻമാർ പണ്ട് സിംഗപ്പൂരിലെത്തി. യാത്രക്കിടെ അവിടെ ബസ്സിൽ നിന്നിറങ്ങിയ അവർ ടിക്കറ്റ് റോഡിലിടുന്നത് കണ്ട സ്കൂൾ കുട്ടികൾ അമ്പരന്നു പോയെന്നും ഇതു കണ്ട് തെറ്റ് മനസ്സിലാക്കിയ അവർ റോഡിൽ നിന്നും ടിക്കറ്റ് എടുത്ത് വേസ്റ്റ് ബിന്നിലിട്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ  ഈ അവബോധം വേണ്ടത്ര വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടി കാട്ടി. മാലിന്യ സംസ്കരണം പ്രധാന പ്രശ്നമായി സർക്കാർ കാണുന്നുവെന്നും അത് പരിഹരിക്കുന്നതിനായി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

'സാറ ആഗ്രഹിക്കുന്ന രൂപത്തിലേക്ക് കേരളത്തെ മാറ്റാൻ ശ്രമിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഹർഷാരവത്തോടെ സദസ്സ് സ്വീകരിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തിയ ഇടപെടലിനെ തുടർന്ന്    പൊതുവിദ്യാഭ്യാസത്തിലേക്ക് ലക്ഷക്കണക്കിന് കുട്ടികൾ മടങ്ങിയതും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. നോർവ്വേയിൽ  പൊതു വിദ്യാഭ്യാസം മാത്രമാണുള്ളതെന്ന് പറഞ്ഞ മലയാളികൾ നാട്ടിലെ വിദ്യാഭ്യാസത്തിന്‍റെ  മികവാണ് തങ്ങൾക്കെല്ലാം ഇവിടെ ഉന്നതമായ ജോലി ലഭിക്കുന്നതിന് സഹായകരമായതെന്ന് പറഞ്ഞു. 

മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥിയായ സീമ സ്റ്റാൻലി എഴുതിയ പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.  മൂന്നു മണിക്കൂറിലധികം മലയാളി സമൂഹവുമായി ആശയവിനിമയം നടത്തിയ ശേഷമാണ്  മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്. ചരിത്രത്തിലാദ്യമായിട്ടാണ് കേരള മുഖ്യമന്ത്രി നോർവേയിലെത്തി അവിടുത്തെ മലയാളികളുമായി സംവദിക്കുന്നത്.   യൂറോപ്യൻ പര്യടനം തുടരുന്ന മുഖ്യമന്ത്രിയും സംഘവും ഇനി ബ്രിട്ടനിലേക്ക് സന്ദര്‍ശനത്തിനായി തിരിച്ചു. ഫിൻലൻഡ്, നോർവേ എന്നിവിടങ്ങളിലെ പരിപാടികൾ പൂർത്തിയാക്കിയാണ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള മുഖ്യമന്ത്രിയുടെ സംഘം ലണ്ടനിലേക്ക് യാത്ര തിരിച്ചത്. ശനിയും ഞായറും ബ്രിട്ടനിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കും.

Read More : കേരളത്തിൽ നിക്ഷേപം നടത്താമെന്ന് നോർവേ മലയാളികള്‍ ,എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി

click me!