പി പരമേശ്വരന് തലസ്ഥാനത്തിന്‍റെ അന്ത്യാഞ്ജലി: പിണറായി ഓര്‍മ്മ പുസ്തകത്തിൽ കുറിച്ചത് ഇങ്ങനെ

By Web TeamFirst Published Feb 10, 2020, 12:38 PM IST
Highlights

"അഗാധമായ പാണ്ഡിത്യത്തോടെ ഋഷിതുല്യമായ ജീവിതം നയിച്ച പി പരമേശ്വരന്‍റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ" 

തിരുവനന്തപുരം: ആര്‍ എസ്എസ് താത്വികാചാര്യൻ പി പരമേശ്വരന് തലസ്ഥാന നഗരത്തിന്‍റെ അന്ത്യാഞ്ജലി. ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനത്തും അയ്യങ്കാളി ഹാളിലും നടന്ന പൊതു ദര്‍ശന ചടങ്ങിൽ അന്തിമോപചാരം അര്‍പ്പിക്കാൻ നിരവധി പേരെത്തി. രാത്രി ഒറ്റപ്പാലത്തു നിന്നും തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം രാവിലെ ഏഴര വരെയാണ് ഭാരതീയ വിചാര കേന്ദ്രത്തിൽ പൊതു ദര്‍ശനത്തിന് ഉണ്ടായിരുന്നത്. ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാ ജോഷി അടക്കം നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. 

രാവിലെ എട്ട് മണിയോടെ അയ്യങ്കാളി ഹാളിലും പൊതു ദര്‍ശന ചടങ്ങ് നടന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരൻ പിള്ളയും അടക്കം എത്തിയത് പ്രമുഖരുടെ നീണ്ട നിര . കേന്ദ്ര മന്ത്രിമാരായ സദാനന്ദ ഗൗഡയും വി മുരളീധരനും മുഴുവൻ സമയവും പി പരമേശ്വരനെ അനുഗമിച്ചു.

തുടര്‍ന്ന് വായിക്കാം: 'ഭാരതാംബയുടെ പ്രിയപുത്രൻ'; പി പരമേശ്വരന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി...

രാവിലെ എട്ടരയോടെ അയ്യങ്കാളി ഹാളിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലി അര്‍പ്പിച്ചത്.  ചുവന്ന റോസാപ്പൂക്കളുമായെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പി പരമേശ്വരനെ യാത്രയാക്കിയത്.  "അഗാധമായ പാണ്ഡിത്യത്തോടെ ഋഷിതുല്യമായ ജീവിതം നയിച്ച പി പരമേശ്വരന്‍റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ"  എന്ന് ഓര്‍മ്മ പുസ്തകത്തിൽ കുറിച്ചാണ് മുഖ്യമന്ത്രി അയ്യങ്കാളി ഹാളിൽ നിന്ന് മടങ്ങിയത്.  

വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സൈദ്ധാന്തികനായിരുന്നു പരമേശ്വരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അനുശോചന സന്ദേശത്തിലും പറ‍ഞ്ഞിരുന്നു.

. മന്ത്രിമാരും എംഎൽഎമാരും അടക്കം ജനപ്രതിനിധികളും സാമൂഹിക സാംസാകാരിക രംഗത്തെ പ്രമുഖരുമെല്ലാം ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. ജൻമനാടായ മുഹമ്മയിലാണ് സംസ്കാര ചടങ്ങ്. 

ഒരുമാസത്തോളമായി ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പി പരമേശ്വരൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 93 വയസ്സായിരുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരിക്കെയാണ് അന്ത്യം. 

 

 

click me!