
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷവും സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറാതിരുന്നതില്‍ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം 9 തീയതി ഇറക്കിയിരുന്നു. എന്നാല്‍ പ്രോഫോമ റിപ്പോര്‍ട്ട് അഥവാ കേസിന്‍റെ മറ്റ് വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല.
ഇതിലാണിപ്പോള്‍ മുഖ്യമന്ത്രി പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രോഫോമ റിപ്പോര്‍ട്ട് വൈകിയെങ്കില്‍ അതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്ന് ആഭ്യന്തര സെക്രട്ടറിക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സിബിഐ അന്വേഷണം അടിടമറിക്കാനുള്ള ശ്രമം നടക്കുന്നു, പ്രതികള്‍ സംരക്ഷിക്കപ്പെടുന്നു എന്നെല്ലാമുള്ള പരാതികള്‍ സിദ്ധാര്‍ത്ഥന്‍റെ കുടുംബവും പ്രതിപക്ഷവും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേസില്‍ സര്‍ക്കാര്‍ വീണ്ടും സമ്മര്‍ദ്ദത്തിലാവുകയാണ്. ഇതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ പ്രോഫോമ റിപ്പോര്‍ട്ട് വൈകിയതില്‍ മുഖ്യമന്ത്രി വിശദീകരണം തേടുന്നത്.
സാധാരണനിലയില്‍ ഒരു കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അതിന്‍റെ വിജ്ഞാപനം കേന്ദ്രത്തിലേക്ക് കൈമാറുന്നതിനൊപ്പം തന്നെ എഫ്ഐആര്‍ പരിഭാഷപ്പെടുത്തിയത് അടക്കം എല്ലാ രേഖകളും കൈമാറും. എന്നാല്‍ സിദ്ധാര്‍ത്ഥന്‍റെ കേസില്‍ വിജ്ഞാപനം മാത്രമാണ് കൈമാറിയിരുന്നത്. സിബിഐക്ക് കേസ് ഏറ്റെടുക്കണമോ വേണ്ടയോ എന്നുപോലും തീരുമാനിക്കാൻ സാധിക്കാതിരിക്കുന്ന സാഹചര്യമാണിത്.
ഏതായാലും വിമര്‍ശനങ്ങള്‍ക്കിടയില്‍ പ്രോഫോമ റിപ്പോര്‍ട്ട് ഇ-മെയിലായി കേന്ദ്ര സർക്കാരിനും സിബിഐ ഡയറക്ടർക്കും കൈമാറിയിട്ടുണ്ട്.
Also Read:- സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കും-വി ഡി സതീശന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam