
കണ്ണൂർ: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആവേശം ശക്തമാകുന്നു. ധർമ്മടത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി വീണ്ടും ജനവിധി തേടുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തെ പ്രതിനിധീകരിച്ച അനുഭവത്തിന്റെ ബലത്തിൽ മൂന്നാം തവണയും ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
രാജ്യത്ത് വർഗീയ ശക്തികൾ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലും കേരളം മാനവികതയുടെ മാതൃകയായി നിലകൊള്ളുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും തുടർച്ചക്കായി എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വീണ്ടും വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് മണ്ഡലത്തിലെ വോട്ടർമാരോട് അദ്ദേഹം അഭ്യർത്ഥിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ധർമ്മടം നിയമസഭാ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടാനുള്ള വലിയ ഉത്തരവാദിത്തം പാർടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും എന്നെ ഏൽപ്പിച്ചിരിക്കുകയാണ് ജനിച്ചു വളർന്ന ഈ നാടിന്റെ പ്രതിനിധിയായി കഴിഞ്ഞ 10 വർഷം നിയമസഭയിൽ പ്രവർത്തിച്ച അനുഭവവും ആത്മവിശ്വാസവുമായാണ് മൂന്നാം തവണയും ജനവിധി തേടുന്നത്.
അസാധ്യമെന്ന് ലോകം കരുതിയ പലതും ഇച്ഛാശക്തികൊണ്ട് നമ്മൾ ഒറ്റക്കെട്ടായി നിന്ന് യാഥാർത്ഥ്യമാക്കി. രാജ്യത്ത് വർഗീയശക്തികൾ വളരുമ്പോളും കേരളമെന്നാൽ മാനവികതയുടെ പര്യായമാണെന്ന് ഈ ലോകത്തെ നാം ബോധ്യപ്പെടുത്തി. കീഴടക്കാൻ ഇനിയും വലിയ സ്വപ്നങ്ങളുടെ ആകാശങ്ങൾ നമുക്ക് മുന്നിലുണ്ട്.
എക്കാലത്തും ജനങ്ങൾ നൽകിയ നിസ്സീമമായ പിന്തുണയും സ്നേഹവുമാണ് ഈ പ്രവർത്തനങ്ങൾക്കെല്ലാം കരുത്തേകിയത്. ആ വലിയ വിശ്വാസം നെഞ്ചിലേറ്റി ഒരിക്കൽക്കൂടി എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വമ്പിച്ച വിജയം സമ്മാനിക്കണം എന്ന് നാടിനോട് അഭ്യർത്ഥിക്കുന്നു. മതനിരപേക്ഷ ജനാധിപത്യ കേരളത്തിനായി, വികസനത്തിൻ്റെയും സാമൂഹ്യപുരോഗതിയുടെയും തുടർച്ചയ്ക്കായി ഒരേ മനസ്സോടെ നമുക്ക് മുന്നേറാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam