2010 ഓഗസ്റ്റ് 23-നും 2025 സെപ്റ്റംബർ 1-നുമിടയിൽ സർവീസിൽ പ്രവേശിച്ച അധ്യാപകർക്കും ഇളവ് അനുവദിക്കണം.2028 ഓഗസ്റ്റ് 31 വരെ കെ-ടെറ്റ് യോഗ്യത നേടാൻ അധ്യാപകർക്ക് സാവകാശം അനുവദിക്കണം നിശ്ചിത സമയത്തിനുള്ളിൽ ടെറ്റ് പരീക്ഷ പാസാകാൻ കഴിയാത്ത അധ്യാപകരെ പെട്ടെന്ന് ജോലിയിൽനിന്ന് പിരിച്ചുവിടരുത്.
ദില്ലി: കെ ടെറ്റ് യോഗ്യത നിർബന്ധമാക്കിയ സുപ്രീംകോടതി വിധിയിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. 2010 ഓഗസ്റ്റ് 23-നും 2025 സെപ്റ്റംബർ 1-നുമിടയിൽ സർവീസിൽ പ്രവേശിച്ച അധ്യാപകർക്കും ഇളവ് അനുവദിക്കണമെന്നാണ് സംസ്ഥാനത്തിൻ്റെ ആവശ്യം. ജമ്മുകശ്മീരിലെ അധ്യാപകർക്ക് നൽകിയ ഇളവ് കേരളത്തിലെ അധ്യാപകർക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ സുൽഫിക്കർ അലി പി.എസ്. സുപ്രീംകോടതിയിൽ അപേക്ഷ നൽകി. 2028 ഓഗസ്റ്റ് 31 വരെ കെ-ടെറ്റ് യോഗ്യത നേടാൻ അധ്യാപകർക്ക് സാവകാശം അനുവദിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ടെറ്റ് പരീക്ഷ പാസാകാൻ കഴിയാത്ത അധ്യാപകരെ പെട്ടെന്ന് ജോലിയിൽനിന്ന് പിരിച്ചുവിടരുതെന്നും പകരം സർവീസ് ആനുകൂല്യങ്ങളോടെ നിർബന്ധിത വിരമിക്കൽ അനുവദിക്കണമെന്നുമാണ് മറ്റൊരു ആവശ്യം. 2010 ഓഗസ്റ്റ് 23-ന് മുമ്പ് നിയമിതരായ അധ്യാപകർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിച്ചപ്പോൾ, അതിനുശേഷം നിയമനം ലഭിച്ച് പത്തുവർഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്ന അധ്യാപകർക്ക് സമാനമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് കേരളത്തിന്റെ വാദം. ഇത്തരത്തിൽ പതിനായിരക്കണക്കിന് അധ്യാപകർക്ക് പെട്ടെന്ന് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ദീർഘകാലമായി അധ്യാപനരംഗത്ത് പ്രവർത്തിക്കുന്നവരെ പെട്ടെന്ന് സർവീസിൽനിന്ന് ഒഴിവാക്കുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും കുട്ടികളുടെ പഠനത്തെയും സ്കൂളുകളുടെ പ്രവർത്തനത്തെയും ബാധിക്കുമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.




