
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ. സഗൗരവം സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയൻ പ്രോ ടേം സ്പീക്കർ ജി സുധാകരന് നിറഞ്ഞ ചിരിയോടെ കൈ കൊടുത്താണ് അഭിവാദ്യം ചെയ്തത്. ഡയസിലേക്ക് പിണറായി വിജയൻ കടന്നു വരാനൊരുങ്ങുമ്പോൾ തന്നെ ജി സുധാകരൻ സ്പീക്കറുടെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് വരുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇരുവരും പരസ്പരം ചിരിച്ച് ഹസ്തദാനം ചെയ്ത്, തോളിൽ തട്ടി അഭിവാദ്യം ചെയ്യുന്നുണ്ട്. 19240 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പിണറായി വിജയൻ ധർമടത്ത് നിന്ന് വിജയിച്ചത്. രാഷ്ട്രീയത്തിൽ ശത്രുക്കളില്ലെന്ന് ജി സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജി സുധാകരന്റെ കൂറുമാറ്റത്തെ പിണറായിയും എംവി ഗോവിന്ദനുമടക്കം അതിശക്തമായി വിമർശിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ആകർഷകമായ ദൃശ്യങ്ങളിലൊന്നാണ് ഇന്ന് സത്യപ്രതിജ്ഞ വേളയിൽ കണ്ടത്.
രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായിരുന്നു ജി സുധാകരൻ സഭയെ അഭിസംബോധന ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam