അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; 'ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധി'; ലേബർ കോഡിനെ വിമർശിച്ച് പ്രസംഗം

Published : Dec 19, 2025, 04:48 PM IST
pinarayi vijayan

Synopsis

പുതിയ ലേബർ കോഡുകൾ കോർപ്പറേറ്റ് നിയന്ത്രിത തൊഴിൽ വിപണി സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് മുഖ്യമന്ത്രി. തൊഴിലാളികളുടെ നിയമപരമായ പരിരക്ഷകൾ എടുത്തുമാറ്റുന്നതിലൂടെ തൊഴിൽ ചൂഷണം വർധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: കോർപ്പറേറ്റ് നിയന്ത്രിത തൊഴിൽ വിപണി സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് ലേബർ കോഡെന്ന് മുഖ്യമന്ത്രി. തൊഴിൽ നിയമങ്ങൾ ലഘൂകരിക്കാനെന്ന പേരിൽ ലേബർ കോഡുകൾ കൊണ്ടുവന്ന് തൊഴിലാളികളുടെ നിയമപരമായ പരിരക്ഷകൾ എടുത്തുമാറ്റി. ഇന്ത്യൻ തൊഴിൽ മേഖല ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് അതീവ ഗുരുതരമായ സാഹചര്യമാണ്. ഈ സാഹചര്യത്തിൽ, തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും, അന്തസ്സും, അസ്തിത്വവും സംരക്ഷിക്കുന്നതിനുള്ള നിയമപരവും, രാഷ്ട്രീയപരവും, ജനാധിപത്യപരവുമായ പ്രതിരോധത്തിന്റെ വേദിയായി ലേബർ കോൺക്ലേവിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയിലും ഉൽപ്പാദന രീതികളിലും വരുന്ന മാറ്റങ്ങൾ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനാണോ, അതോ ചുരുക്കം ചില കോർപ്പറേറ്റുകളുടെ ലാഭം പെരുപ്പിക്കാനാണോ? കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് മുൻഗണന നൽകുകയാണ് കേന്ദ്രസർക്കാർ. അതിനെതിരെ യുക്തിഭദ്രവും ജനാധിപത്യപരവുമായ വിയോജിപ്പുകൾ രേഖപ്പെടുത്തണം. തൊഴിൽ സുരക്ഷിതത്വവും സാമൂഹ്യക്ഷേമവും ഉറപ്പുവരുത്താത്ത വികസന മാതൃകകൾ സുസ്ഥിരമല്ലെന്ന ഉറച്ച ബോധ്യമാണ് സംസ്ഥാന സർക്കാരിനുള്ളത്. മനുഷ്യന്റെ ജീവിതനിലവാരത്തിലുള്ള ഗുണപരമായ മാറ്റമായും സാമൂഹ്യ നീതിയിലൂന്നിയ സമ്പദ് വ്യവസ്ഥയായും വികസനത്തെ നിർവചിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിൽ നിയമങ്ങളും അവകാശങ്ങളും തളികയിൽ വെച്ച് ആരും നമുക്ക് നീട്ടിത്തന്നതല്ല, ചോരയും നീരും നൽകി, പൊരുതി നേടിയെടുത്തതാണ്. രാജ്യമാകെ തൊഴിലാളിവർഗം നടത്തിയ ഐതിഹാസിക സമരങ്ങളുടെ ചരിത്രബോധം നമുക്ക് കരുത്തേകേണ്ടതുണ്ട്. എട്ടു മണിക്കൂർ ജോലി, മിനിമം വേതനം, ബോണസ്, ഇ എസ് ഐ, പി എഫ് തുടങ്ങിയ ആനുകൂല്യങ്ങൾ കൂട്ടായ വിലപേശലിലൂടെയും നിയമപോരാട്ടങ്ങളിലൂടെയും നേടിയെടുത്തതാണ്.

കോൺഗ്രസ് സർക്കാരുകൾ 1990 കളിൽ ആരംഭിച്ച നവ ഉദാരവൽക്കരണ നയങ്ങൾ തൊഴിൽ മേഖലയിൽ ഘടനാപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി. പിന്നീടുവന്ന ബി ജെ പി സർക്കാരുകൾ കൂടുതൽ തീവ്രമായി നടപ്പിലാക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും നാഷണൽ മോണിറൈ്റസേഷൻ പൈപ്പ്ലൈൻ പോലുള്ള പദ്ധതികളും പൊതുസ്വത്ത് സ്വകാര്യവത്കരിക്കുന്നതാണ്. ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പോലും വിറ്റഴിക്കുന്ന കാഴ്ചയാണ് കാണുന്നത്. കരാർ നിയമനത്തിന് പ്രോത്സാഹനം നൽകി ഒരേ ജോലി ചെയ്യുന്ന സ്ഥിരം തൊഴിലാളിക്കും കരാർ തൊഴിലാളിക്കും വ്യത്യസ്ത വേതനം നൽകുന്നു.

പിരിച്ചുവിടലിനുള്ള, ലേ-ഓഫിനുള്ള, അല്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടുന്നതിനുള്ള മുൻകൂർ അനുമതി ആവശ്യമായ തൊഴിലാളികളുടെ പരിധി 100 ൽ നിന്ന് 300 ആയി ഉയർത്തി എന്നതാണ്. ഇതിനർത്ഥം, രാജ്യത്തെ 90 ശതമാനത്തിലധികം വരുന്ന ഫാക്ടറികളിലും വ്യവസായ സ്ഥാപനങ്ങളിലും ഇനി മുതൽ തൊഴിലുടമകൾക്ക് സർക്കാർ അനുമതിയില്ലാതെ തന്നെ തൊഴിലാളികളെ പിരിച്ചുവിടാം എന്നാണ്. കരാർ കാലാവധി കഴിയുമ്പോൾ യാതൊരുവിധ ആനുകൂല്യങ്ങളുമില്ലാതെ പിരിച്ചുവിടാം. കരാർ പുതുക്കിയില്ലെങ്കിൽ ജോലി നഷ്ടപ്പെടും എന്ന ഭീതിയിൽ തൊഴിലാളികൾക്ക് ചൂഷണത്തിനെതിരെ ശബ്ദിക്കാൻ കഴിയാതെ വരും. ഒരു വർഷമോ രണ്ടു വർഷമോ കഴിഞ്ഞാൽ ജോലി ഉണ്ടാവുമോ എന്നറിയാത്ത ഒരു തൊഴിലാളിക്ക് എങ്ങനെ ഭാവി ആസൂത്രണം ചെയ്യാൻ കഴിയും?

പണിമുടക്കുന്നതിന് 14 ദിവസം മുൻപ് നോട്ടീസ് നൽകണമെന്നത് നിർബന്ധമാക്കി. മാത്രമല്ല, അനുരഞ്ജന ചർച്ചകൾ നടക്കുമ്പോഴും ട്രൈബ്യൂണലിൽ കേസ് നിലനിൽക്കുമ്പോഴും പണിമുടക്ക് നിരോധിച്ചിരിക്കുന്നു. 50 ശതമാനത്തിലധികം തൊഴിലാളികൾ ഒരേസമയം അവധിയെടുക്കുന്നത് പോലും പണിമുടക്കായി കണക്കാക്കും. ഫലത്തിൽ, നിയമപരമായ പണിമുടക്ക് എന്നത് അസാധ്യമാക്കി മാറ്റുകയാണ്. സൂപ്പർവൈസറി കപ്പാസിറ്റിയിൽ ജോലി ചെയ്യുന്ന, 18,000 രൂപയ്ക്കു മുകളിൽ ശമ്പളം വാങ്ങുന്നവരെ ‘തൊഴിലാളി' എന്ന നിർവചനത്തിൽ നിന്ന് ഒഴിവാക്കുന്നത് അവർക്ക് ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡിന്റെ പരിരക്ഷ നിഷേധിക്കുന്നതിനു കാരണമാകും.

ജീവിതച്ചെലവ് ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. ഇതിൻ്റെ വശങ്ങൾ പരിഗണിക്കാതെ ഏകപക്ഷീയമായി ‘ഫ്ലോർ വേജ്' നിശ്ചയിക്കുന്നത് തൊഴിലാളികളുടെ ക്രയശേഷിയെയും ജീവിതനിലവാരത്തെയും ബാധിക്കാം. എട്ട് മണിക്കൂർ ജോലി എന്നത് ഒമ്പത് മണിക്കൂർ വരെയാക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ അതിനിടയിലുള്ള വിശ്രമവേളകൾ ജോലിസമയമായി കണക്കാക്കില്ല എന്നത് തൊഴിലാളികളെ കൂടുതൽ സമയം തൊഴിലിടങ്ങളിൽ തളച്ചിടാൻ കാരണമാകും. സാമൂഹ്യ സുരക്ഷാ കോഡിന്റെ കാര്യമെടുത്താൽ, ‘എല്ലാവർക്കും സാമൂഹ്യ സുരക്ഷ' എന്ന് കോഡ് അവകാശപ്പെടുന്നുണ്ടെങ്കിലും, പ്രായോഗിക തലത്തിൽ ഇത് നിലവിലുള്ള സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ഗിഗ് വർക്കർമാർക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിൽ വ്യക്തതയില്ല.

ചുരുക്കത്തില്‍ എല്ലാതരത്തിലും തൊഴിലാളി ദ്രോഹപരമായ നടപടികളിലേക്കാണ് നീങ്ങിയിട്ടുള്ളത്. രാജ്യത്തെ തൊഴിലാളി സൗഹൃദ അന്തരീക്ഷം നഷ്ടപ്പെടാന്‍ ഇടയാക്കുകയാണ്. ഇതിനെ ചെറുക്കണം. ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടുച്ചുകൊണ്ട് തൊഴിലാളി കര്‍ഷക ഐക്യത്തോടെയുള്ള ഒരു ജനാധിപത്യ പ്രതിരോധം ഈ ഘട്ടത്തില്‍ അനിവാര്യമാണ്. തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കാനും ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെ വികസന കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. ഇതൊരു പോരാട്ടമായി കാണണം, ഈ പോരാട്ടം കേവലം ഒരു വിഭാഗത്തിന്റെത് മാത്രമല്ല മറിച്ച് വരും തലമുറയുടെ ഭാവിക്കും ഇന്ത്യ എന്ന ജനാധിപത്യ റിപ്പബ്ലിക്കിന്റെ നിലനിൽപ്പിനും വേണ്ടിയുള്ളതാണ്. ചരിത്രം എന്നും പൊരുതുന്നവർക്ക് ഒപ്പമാണ്, ആ പോരാട്ട വീര്യം ഉൾക്കൊണ്ട് കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിനെതിരെ നമുക്ക് ഒന്നിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജനുവരി 1 എങ്ങനെ 'ന്യൂ ഇയ‍‌ർ' ആയി? അധിവ‌‍‍ർഷത്തിൽ ശരിക്കും ഫെബ്രുവരി 29 ഉണ്ടോ?
സ്കൂൾ കലോത്സവം; സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാവുമെന്ന് മന്ത്രി വി ശിവൻകുട്ടി, 'മൂന്ന് തവണ ജഡ്ജിയായവരെ ഒഴിവാക്കും'