മലയാളം മഹാനിഘണ്ടു മേധാവിയായി സംസ്കൃത അധ്യാപിക; മുഖ്യമന്ത്രിയുടെ സ്റ്റാഫിന്‍റെ ഭാര്യയുടെ നിയമനം വിവാദത്തില്‍

By Web TeamFirst Published Jul 11, 2021, 12:14 PM IST
Highlights

 മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനന്‍റെ ഭാര്യ ഡോ. പൂർണ്ണിമാ മോഹനന്‍റെ നിയമനമാണ് വിവാദത്തിലായത്. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുടെ ഭാര്യയുടെ കേരള സ‍ർവ്വകലാശാലയിലെ നിയമനം വിവാദത്തിൽ. സംസ്കൃത അധ്യാപികയെ ചട്ടങ്ങൾ ലംഘിച്ച് മലയാള മഹാ നിഘണ്ടു മേധാവിയാക്കി നിയമിച്ചതിൽ സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ഗവർണ്ണർക്ക് പരാതി നൽകി. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനന്‍റെ ഭാര്യ ഡോ. പൂർണ്ണിമാ മോഹനന്‍റെ നിയമനമാണ് വിവാദത്തിലായത്. 

കാലടി സർവ്വകലാശാലയിലെ സംസ്കൃത വിഭാഗം അധ്യാപികയായ പൂർണ്ണിമാ മോഹനനെ മലയാള മഹാ നിഘണ്ടു വകുപ്പ് മേേധാവിയാക്കിയത് ചട്ടം ലംഘിച്ചെന്നാണ് ആക്ഷേപം. സർവ്വകലാശാലയിലെ മുതിർന്ന മലയാളം പ്രൊഫസർമാരെ ഒഴിവാക്കി സംസ്കൃത അധ്യാപികയെ നിയമിച്ചത് മലയാള ഭാഷാ പ്രാവീണ്യമുള്ളവരെ നിയമിക്കണമെന്ന സർവ്വകലാശാലാ സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമായാണെന്നാണ് പരാതി.

അതേസമയം വിദ്ഗ്ധർ അടങ്ങിയെ സെലക്ഷൻ കമ്മിറ്റിയാണ് നിയമനം നടത്തിയതെന്ന് കേരള വിസി വിപി മഹാദേവപിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. അപ്പോഴും ഭാഷാ പ്രവീണ്യമുള്ളവരെ നിയമിക്കണമെന്ന സ്റ്റാറ്റ്യൂട്ട് ലംഘനമെന്ന പരാതിയിൽ സർവ്വകലാശാലക്ക് കൃത്യമായി വിശദീകരണമില്ല. നിയമനത്തിനായി അപേക്ഷ ക്ഷണിച്ചപ്പോൾ പൂർണ്ണിമാ മോഹൻ മാത്രമാണ് അപേക്ഷ നൽകിയതെന്നുള്ള സർവ്വകലാശാല വിശദീകരണം സംശയങ്ങൾ കൂട്ടുന്നു. പരാതിയിൽ ഇനി ഗവർണ്ണറുടെ തു‍ടർനടപടിയാണ് പ്രധാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!