യുഎപിഎ അറസ്റ്റ്: പിബി എന്ന് പറഞ്ഞാൽ ഹൈക്കമാന്‍റ് അല്ലെന്ന് പിണറായി, സര്‍ക്കാരിനെതിരെ വിമര്‍ശനം ഇല്ല

By Web TeamFirst Published Nov 18, 2019, 10:07 AM IST
Highlights

പി ബി യിൽ നിന്ന് വിമർശനം കേട്ടാണ് താങ്കൾ ഇവിടെ വന്നതെന്ന് ഞങ്ങൾക്കറിയാമെന്ന പിടി തോമസിന്‍റെ പരാമർശത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി 

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സര്‍ക്കാരിനെതിരെ സിപിഎം പോളിറ്റ്ബ്യൂറോയിൽ വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോളിറ്റ് ബ്യൂറോ യോഗത്തിൽ വിമര്‍ശനം ഉയര്‍ന്നെന്ന തരത്തിൽ വന്ന വാര്‍ത്തകൾ തെറ്റാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വിശദീകരിച്ചു. പിബിക്ക് അകത്ത് ആ വാര്‍ത്തയിൽ പറയുന്ന തരത്തിൽ ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. പിബി യിൽ നിന്ന് വിമർശനം കേട്ടാണ് താങ്കൾ ഇവിടെ വന്നതെന്ന് ഞങ്ങൾക്കറിയാമെന്ന പിടി തോമസിന്‍റെ പരാമർശത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. 

പിബിക്ക് അകത്ത് വന്നിരുന്ന പോലെ ആണ് വാര്‍ത്ത കൊടുത്തിട്ടുള്ളത്. ആ കട്ടില് കണ്ട് ആരും പനിക്കണ്ട. പിബി എന്നാൽ വളരെ ശക്തമാണ്. പിബി ഹൈക്കമാന്റ് അല്ല, വളരെ ശക്തമാണ്. സിപിഎമ്മിൽ എല്ലാവരും പാര്‍ട്ടി മേൽഘടകത്തെ അനുസരിക്കുന്നവരാണ്. മുൻകാലങ്ങളിൽ പിബി എടുത്ത ശക്തമായ നടപടികൾ ഓര്‍മ്മയില്ലേ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ചോദിച്ചു. 

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ ദേശീയനേതൃത്വം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയാണെന്നും യുഎപിഎയിലെ നിലപാട്  നേരത്തെ വ്യക്തമാക്കിയിട്ട് ഉള്ളതാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. യുഎപിഎ കരിനിയമം ആണെന്ന നിലപാടിൽ മാറ്റമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോയും വിലയിരുത്തിയിരുന്നു. എന്നാൽ വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പൊലീസാണെന്നും  വിഷയം നിയമപരമായി സർക്കാരിന് മുന്നിലെത്തുമ്പോൾ ഉചിതമായി നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും അംഗങ്ങളിൽ ചിലര്‍ ആ നിലപാടിൽ അതൃപ്തി അറിയിച്ചെന്നായിരുന്നു വാര്‍ത്ത. ഇതാണ് പിണറായി വിജയൻ നിയമസഭയിൽ വിശദീകരിച്ചത്. 

click me!