'താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും സമാന നിലപാട് എടുത്തിരുന്നു'; റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

By Web TeamFirst Published Oct 20, 2021, 7:03 PM IST
Highlights

സിപിഎം ആക്ടിങ് സെക്രട്ടറി വിജയരാഘവനും മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനക്ക് പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ പൊതുനിലപാടാണ് മന്ത്രി റിയാസ് പറഞ്ഞതെന്നായിരുന്നു വിജയരാഘവന്‍ വ്യക്തമാക്കിയത്. 

തിരുവനന്തപുരം: എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി മന്ത്രിമാരുടെ ഓഫീസുകളില്‍ വരരുതെന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ സിപിഎമ്മിൽ വ്യത്യസ്ത അഭിപ്രായം ഇല്ലെന്നും ഇത് പുതിയ നിലപാട് അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും സമാന നിലപാട് എടുത്തിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ആക്ടിങ് സെക്രട്ടറി വിജയരാഘവനും മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനക്ക് പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ പൊതുനിലപാടാണ് മന്ത്രി റിയാസ് പറഞ്ഞതെന്നായിരുന്നു വിജയരാഘവന്‍ വ്യക്തമാക്കിയത്. 

എംഎല്‍എമാര്‍ക്കൊപ്പമോ എംഎല്‍എമാരുടെ ശുപാര്‍ശയിലോ കരാറുകാര്‍ മന്ത്രിയെ കാണാന്‍ വരുന്നത് ശരിയല്ലെന്നും അത് തെറ്റായ പ്രവണത ആണെന്നുമായിരുന്നു ഇക്കഴിഞ്ഞ ഏഴാം തിയതി റിയാസ് നിയമസഭയില്‍ നടത്തിയ പരാമര്‍ശം. എന്നാല്‍ റിയാസ് നിയമസഭയില്‍ പറഞ്ഞത് സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ വിമര്‍ശിക്കപ്പെട്ടു. എ എന്‍ ഷംസീര്‍ തുടങ്ങിയ വിമര്‍ശനം കെ വി സുമേഷ്  ഏറ്റുപിടിക്കുകയും കടകംപള്ളി സുരേന്ദ്രനടക്കം ചിലര്‍ അതിനെ പിന്തുണക്കുകയും ചെയ്തപ്പോള്‍ മന്ത്രി പറഞ്ഞത് തെറ്റിധരിച്ചാണ് ചിലര്‍ സംസാരിക്കുന്നതെന്ന അഭിപ്രായവുമുണ്ടായി. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും എല്‍ഡിഎഫ് നിലപാടാണ് താന്‍ വ്യക്തമാക്കിയതെന്നും റിയാസ് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയരാഘവനും മുഖ്യമന്ത്രിയും റിയാസിന് പരിപൂര്‍ണ്ണ പിന്തുണ അറിയിച്ചിരിക്കുന്നത്. 

click me!