
തിരുവനന്തപുരം: സ്വദേശത്തേക്ക് മടങ്ങിപ്പോകുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാമെന്ന കോണ്‍ഗ്രസിന്‍റെ ആഹ്വാനത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ് കോൺഗ്രസ് കമ്മിറ്റികളാണ് ഈ ചെലവ്വഹിക്കുകയെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ കെപിസിസി ചെലവ് വഹിക്കുന്നതിനെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നു. അവര്‍ ചെലവ് വഹിക്കാന്‍ പുറപ്പെട്ടാല്‍ എന്താകും അവസ്ഥയെന്ന് അങ്ങനെ വരുന്നയാളുകള്‍ക്ക് ഒക്കെ നല്ല ബോധ്യമുണ്ടാകും. നമുക്ക് ഒരുപാട് അനുഭവമുള്ളതല്ലേ എന്നും പിണറായി വിജയന്‍ ചോദിച്ചു.
പിന്നീട് കെപിസിസിയുടെ സഹായം വേണ്ടെന്നാണോ പറയുന്നതെന്ന് വീണ്ടും ചോദ്യം ഉയര്‍ന്നു. ഇതിനോട് നാടിന് ഒരുപാട് അനുഭവമുണ്ടല്ലോ എന്നാണ് പിണറായി വീണ്ടും മറുപടി പറഞ്ഞത്. അവരുടെ വാഗ്ദാനങ്ങള്‍ ഒരുപാട് നാടിന് മുന്നിലുണ്ട്. അതില്‍ എന്തൊക്കെയാണ് നടപ്പാക്കിയതെന്ന് അവര്‍ തന്നെ ആലോചിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്ക്ഡൗൺ സമയത്ത് പ്രതിസന്ധിയിലായ അതിഥി തൊഴിലാളികളില്‍ നിന്നും റെയില്‍വേ യാത്രാനിരക്ക് ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്നു എന്ന് സോണിയ ഗാന്ധി പറഞ്ഞിരുന്നു. രാജ്യത്തിന്റെ വളർച്ചയുടെ അംബാസഡർമാർ എന്നും സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നുമാണ് സോണിയ ഗാന്ധി അതിഥി തൊഴിലാളികളെ വിശേഷിപ്പിച്ചത്. കോൺഗ്രസിന്റെ ഈ പ്രഖ്യാപനം വെറും 'ഷോ' ആണെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം.
സാമൂഹിക അകലം ഉറപ്പാക്കി പകുതി ആളുകളുമായിട്ടാണ് ട്രെയിനുകളിൽ യാത്ര സജ്ജമാക്കിയിരിക്കുന്നത്. ഇതിന്റെ ചെലവ് കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. ഒപ്പം ഡോക്ടർമാരും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. മധ്യപ്രദേശ് പോലെയുള്ള ചില സംസ്ഥാനങ്ങൾ ടിക്കറ്റിന്റെ പതിനഞ്ച് ശതമാനം നൽകുന്നുണ്ട്. കഴിഞ്ഞ 40 ദിവസമായി അതിഥി തൊഴിലാളികളുടെ താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവ് വഹിച്ചിരുന്നത് സംസ്ഥാനങ്ങളാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam