
ഇടുക്കി: മുഖ്യമന്ത്രിയുടെ കത്തിന് പുല്ലുവില കൽപ്പിച്ച് മുല്ലപ്പെരിയാറിൽ നിന്നും ഇന്നലെ രാത്രിയിലും തമിഴ്നാട് വൻതോതിൽ വെള്ളമൊഴുക്കി. പുതിയ ഡാം പണിത് കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ചെറുതോണിയിൽ 24 മണിക്കൂർ ഉപവാസം തുടങ്ങി. വിഷയത്തിൽ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയായി കുറഞ്ഞു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവും കുറച്ചു. ഇടുക്കിയിലെ ജലനിരപ്പ് 2400.82 അടിയിലേക്ക് ഉയർന്നു.
മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാർ തുടരുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും പുതിയ ഡാം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് ഉപവാസം തുടങ്ങിയത്. പ്രശ്ന പരിഹാരത്തിന് വിവിധ തരത്തിലുള്ള സമരം നടത്താൻ യുഡിഎഫ് തീരുമാനിച്ചിരുന്നു. പെരിയാർ തീരത്ത് താമസിക്കുന്ന ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സംസ്ഥാന സർക്കാർ തമിഴ്നാടുമായുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഉപവാസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
Also Read: 'മുല്ലപ്പെരിയാർഡാം മുന്നൊരുക്കമില്ലാതെ തുറക്കുന്നതിൽ ആശങ്ക', സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി
തമിഴ്നാടിന് കത്തയക്കുമ്പോൾ പോലും ശക്തമായ പ്രതിഷേധം അറിയിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് ഡീൻ കുര്യോക്കോസ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇന്നലെയും രാത്രിയുടെ മറവിൽ തമിഴ്നാട് വൻതോതിൽ പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടു. ഒൻപത് ഷട്ടറുകൾ 60 സെൻ്റീ മീറ്റർ വീതം ഉയർത്തിയാണ് വെള്ളമൊഴുക്കിയത് പെരിയാർ തീരത്തെ പല വീടുകളിലും വെള്ളം കയറാൻ ഇത് കാരണമായി
പുലർച്ചെ മൂന്ന് മണിയോടെ ഒരു ഷട്ടർ ഒഴികെ ബാക്കിയുള്ളവ അടക്കുകയും ചെയ്തു. ജലനിരപ്പ് 142 അടിയിൽ നിർത്താൻ അധികമായി വരുന്ന വെള്ളമത്രയും സ്പിൽവേ വഴി ഒഴുക്കുകയാണ് തമിഴ്നാട് ചെയ്യുന്നത്. മുല്ലപ്പെരിയാർ വെള്ളമൊത്തിയതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു. നീരൊഴുക്ക് കുറയുന്നതോടെ ഇത് കുറഞ്ഞു തുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്നാണ് കെഎസ്ഇബി ആവർത്തിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam