പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: എട്ട് വയസുകാരിയും കുടുംബവും സെക്രട്ടേറിയേറ്റിന് മുന്നിൽ ഉപവസിക്കും

By Web TeamFirst Published Sep 25, 2021, 7:31 AM IST
Highlights

പട്ടികജാതി കമ്മീഷന് നൽകിയ റിപ്പോർട്ടിൽ, രജിത ഗുരുതര തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്

തിരുവനന്തപുരം: പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ നേരിട്ട തിരുവനന്തപുരത്തെ എട്ട് വയസുകാരിയുടെ കുടുംബം ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം നടത്തും. പൊലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. സംഭവത്തിൽ ഉദ്യോഗസ്ഥക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിലപാട്. ഐജി ഹർഷിദാ അട്ടല്ലൂരിയെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെയും ഈ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥ രജിതയെ ന്യായീകരിച്ചാണ് പൊലീസ് റിപ്പോർട്ട്. പട്ടികജാതി കമ്മീഷന് നൽകിയ റിപ്പോർട്ടിൽ, രജിത ഗുരുതര തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവം പുറത്ത് വന്നതിന് ശേഷം ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാകട്ടെ ഇതുവരെ ജയചന്ദ്രനെയും മകളെയും സമീപിച്ചിട്ടില്ല.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു. ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്‍റെ മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡിൽ വെച്ച് ആളുകൾ നോക്കിനിൽക്കെ ചോദ്യം ചെയ്തത്. 

പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. പിന്നാലെ രജിതയുടെ നടപടി നല്ലനടപ്പ് പരിശീലനത്തിൽ ഒതുക്കി. പരസ്യ വിചാരണ നേരിട്ട ജയചന്ദ്രന്‍ മകളുമായി ഡിജിപിയെ കണ്ടു. പിന്നാലെയാണ് ഐജി ഹർഷിത അട്ടല്ലൂരിക്ക് അന്വേഷണച്ചുമതല നൽകിയത്. പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് മോശം പെരുമാറ്റം നേരിട്ട പെൺകുട്ടിക്ക് ജില്ലാ ശിശു വികസന സമിതി കൗൺസിലിംഗ് നൽകിയിരുന്നു. 
 

click me!