പിരപ്പൻകോട് മുരളി - കോലിയക്കോട് പോര്: വിവാദങ്ങൾ അവസാനിപ്പിക്കാൻ പാർട്ടി നിർദ്ദേശം

Published : May 09, 2022, 11:20 AM ISTUpdated : May 09, 2022, 11:34 AM IST
പിരപ്പൻകോട് മുരളി - കോലിയക്കോട് പോര്: വിവാദങ്ങൾ അവസാനിപ്പിക്കാൻ പാർട്ടി നിർദ്ദേശം

Synopsis

പരസ്യ പ്രതികരണങ്ങൾ വേണ്ടെന്ന് പാർട്ടി നിർദ്ദേശം നൽകി.പിരപ്പൻ കോട് മുരളിയുടെ ആത്മകഥയോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്.

തിരുവനന്തപുരം; തലസ്ഥാന ജില്ലയിലെ  രണ്ട് മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള പോരില്‍ സിപിഎം ഇടപെടല്‍. വിവാദങ്ങൾ അവസാനിപ്പിക്കാൻ പാർട്ടി നിർദ്ദേശം നല്‍കി.. പിരപ്പൻകോട് മുരളിയോടും  - കോലിയക്കോട് കൃഷ്ണന്‍നായരോടും പരസ്യ പ്രതികരണങ്ങൾ വേണ്ടെന്ന് പാർട്ടി നിർദ്ദേശം നൽകി.പിരപ്പൻ കോട് മുരളിയുടെ ആത്മകഥയോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. വാമനപുരത്ത് 1996ലെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ കോലിയക്കോട് കൃഷ്ണൻ നായർ  ശ്രമിച്ചു എന്നതായിരുന്നു ആരോപണം.

"എന്‍റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ "

പ്രസാധകൻ മാസികയിൽ പ്രസിദ്ധീകരിച്ച് വരുന്ന ആത്മകഥയിലാണ് പിരപ്പന്‍കോട് മുരളി വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.1996 വാമനപുരം മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയപ്പോൾ നേരിട്ട പ്രതിസന്ധികളായിരുന്നു ഉള്ളടക്കം.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതൽ പ്രചാരണ വേദിയിൽ വരെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനും പാര്‍ട്ടി വോട്ടുകൾ യുഡിഎഫ്  സ്ഥാനാര്‍ത്ഥിയിലേക്ക് എത്തിക്കാനും കോലിയക്കോട് കൃഷ്ണൻ നായര്‍ പരിശ്രമിച്ചെന്നായിരുന്നു പിരപ്പൻകോട് മുരളിയുടെ തുറന്ന് പറച്ചിൽ.


"സുശീലാ ഗോപാലന്റെ പേരായിരുന്നു വാമനപുരം മണ്ഡലത്തിലേക്ക് സിപിഎം സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാൽ ബഹുമാന്യയായ  സുശീല ഗോപാലൻ  മണ്ഡലത്തിലേക്ക് പരിഗണിക്കാവുന്ന ആളല്ലെന്നായിരുന്നു തന്റെ അഭിപ്രായം എന്നും അത് പാര്ട്ടി വേദിയിൽ പറഞ്ഞു. ഗീനാ കുമാരിയുടെ പേരാണ് പകരം പറഞ്ഞെതെങ്കിലും അവര്‍ക്ക് മത്സരിക്കാനുള്ള പ്രായമായിട്ടില്ലെന്ന് മനസിലായത് പിന്നീടാണ്. കല്ലറ രമേശൻ നായരുടെ പേര് പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും ആനത്തലവട്ടം ആനന്ദനും കടകംപള്ളി സുരേന്ദ്രനും ചേര്‍ന്നാണ് തന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും പിരപ്പൻകോട് മുരളി ഓര്‍ക്കുന്നു.

"പ്രാഥമിക ചര്‍ച്ചകൾക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് അണിയറയിൽ നടന്ന പല നാടകങ്ങളും ഞാൻ മനസിലാക്കിയത്. കേന്ദ്ര കൺട്രോൾ കമ്മീഷന്റെ ഔദാര്യത്തിൽ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി പാര്‍ട്ടി മെമ്പര്‍ഷിപ്പിൽ കയറിപ്പറ്റിയ കൃഷ്ണൻ നായര്‍ പാര്‍ട്ടിയിലെ ഉന്നതനായ നേതാവിന്റെ സഹായത്തോടെ അന്ന് തിരുവനന്തപുരത്തിന്റെ ചുമതല ഉണ്ടായിരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ചടയൻ ഗോവിന്ദനെ നേരിൽ കണ്ട് ചില വസ്തുതകൾ ബോധിപ്പിച്ചു. പിരപ്പിൻകോട് മുരളിക്ക് ഏറെ നാളായി വാമനപുരം മണ്ഡലത്തിൽ യാതൊരു ബന്ധവും ഇല്ല. വാമനപുരം ഉൾപ്പെടുന്ന വെഞ്ഞാറമൂട് ഏര്യാകമ്മിറ്റി മുരളിയുട സ്ഥാനാര്‍ത്ഥിത്വം എതിര്‍ക്കുന്നു. തന്നെയുമല്ല മുരളിക്ക് സ്ഥാനാര്‍ത്ഥിയാകാൻ വേണ്ടിയാണ് കൃഷ്ണൻ നായരെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയത് എന്ന ധാരണയാണ് ജനങ്ങൾക്കിടയിലുണ്ട്. എംഎൽഎ എന്ന നിലയിൽ കൃഷ്ണൻ നായര്‍ ബഹുജന സമ്മതനാണ്. ഈ പശ്ചാത്തലത്തിൽ സുശീലാ ഗോപാലനെ പോലൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയാൽ മുരളിയും കൂടെ നിൽക്കുന്നവരും എതിര്‍ക്കില്ല. ഒരു തെരഞ്ഞെടുപ്പ് നേരിടാനുള്ള പണം മുരളിക്കില്ല. പണം ഉണ്ടാക്കാൻ മുരളിക്ക് അറിയില്ല. അതുകൊണ്ട് സുശീലാ ഗോപാലനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണം." ഇത്രയും കാര്യങ്ങൾ കോലിയക്കോട് കൃഷ്ണൻ നായര്‍ ചടയൻ ഗോവിന്ദനെ ബോധ്യപ്പെടുത്തിയെന്നും പിരപ്പൻകോട് മുരളി ആത്മകഥയിൽ പറയുന്നു.

എന്താ മുരളീ രാഷ്ട്രീയമൊക്കെ ഉപേക്ഷിച്ചോ എന്ന് ചോദിച്ച് എകെജി സെന്ററിലേക്ക് വിളിച്ച് വരുത്തി വിഎസ് ക്ഷോഭിച്ചെന്നും തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിയാകുന്നതെന്നും പിരപ്പൻകോട് മുരളി പറയുന്നു. ഏറെ അടുപ്പക്കാരയായിരുന്ന സികെ സീതാറാമായിരുന്നു എതിര്‍ സ്ഥാനാർത്ഥി. ഔദ്യോഗിക പാര്‍ട്ടി നേതൃത്വം പക്ഷെ നിഷ്ക്രിയമായി ഇരുന്നില്ല, പാങ്ങോട് പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശശികലയുടെ വീട്ടിലും കല്ലറ പഞ്ചായത്ത് പ്രസിഡന്‍റ് മീനാംബികയുടെ വീട്ടിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോൽപ്പിക്കാനുള്ള യോഗം കോലിയക്കോട് കൃഷ്ണൻനായരുടെ നേതൃത്വത്തിൽ ചേര്‍ന്നെന്നും പിരപ്പൻകോട് മുരളി പറയുന്നു. വിവരം മീനാംബിക തന്നെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ അറിയിച്ചതോടെയാണ് കോലിയക്കോടിന്റെ അട്ടിമറി നീക്കം പൊളിഞ്ഞതെന്നും പിരപ്പൻകോട് മുരളി പറയുന്നു.

2018 വരെ സിപിഎം സംസ്ഥാന സമിതിയിൽ  അംഗമായിരുന്നു പിരപ്പൻകോട് മുരളി. തൃശ്ശൂര്‍ സമ്മേളനത്തിൽ പ്രായം പറഞ്ഞാണ് മുരളിയെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കുന്നത്. എന്നാൽ മുരളിയേക്കാൾ പ്രായക്കൂടുതലുള്ള കോലിയക്കോടിനെ നിലനിര്‍ത്തിയതിൽ അതൃപ്തനായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും അംഗമായിരുന്നു. കടുത്ത വിഎസ് അനുകൂലി കൂടിയാണ് പിരപ്പിൻകോട് മുരളി. ആത്മകഥയിലെ പരമാര്‍ശങ്ങളും പരസ്യപ്രതികരണങ്ങളും വിവാദമായ പശ്ചാത്തലത്തിലാണ് പാര്‍ട്ടി ഇടപെട്ടിരിക്കുന്നത്.

 

 

PREV
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും