'ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂടുതൽ പേർ ഒപ്പം വരും', ചര്‍ച്ച നടക്കുന്നതായി ജോസഫ്

By Web TeamFirst Published Jun 30, 2020, 10:30 AM IST
Highlights

ചർച്ചകൾ നടത്തുകയാണ്. ആരൊക്കെ വരുമെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും പിജെ ജോസഫ് പ്രതികരിച്ചു

കോട്ടയം: യുഡിഫ് പുറത്താക്കിയ സാഹചര്യത്തിൽ ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂടുതൽ പേർ ഒപ്പം വരുമെന്ന് പിജെ ജോസഫ്. ചർച്ചകൾ നടത്തുകയാണ്. ആരൊക്കെ വരുമെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ജോസ് കെ മാണി സ്വാഭാവികമായി പുറത്താകും. ധാരണകള്‍ പാലിക്കാൻ കഴിയാത്തവര്‍ക്ക് ഒരു മുന്നണിയിൽ തുടരാൻ കഴിയില്ലെന്ന സന്ദേശമാണ് ഈ തീരുമാനം. ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന്  പുറത്താക്കിയത് സ്വഭാവിക നടപടി മാത്രമാണെന്നും ജോസഫ് പ്രതികരിച്ചു. 
 
അതേസമയം യുഡിഎഫിന്‍റെ പുറത്താക്കല്‍ നടപടി നീതിയില്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. മുന്നണിയുമായുള്ള ഹൃദയ ബന്ധം മുറിച്ചു. കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മുന്‍പും ശ്രമം നടന്നിരുന്നു. എന്നാൽ പാര്‍ട്ടി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും. സാധാരണക്കാരായ യുഡിഎഫ് പ്രവര്‍ത്തകരുടെ മനസ്സിന് മുറിവുണ്ടാക്കിയെന്നും ജോസ് കെ മാണി പ്രതികരിച്ചു. 

'മുന്നണിയുമായുള്ള ഹൃദയ ബന്ധം മുറിച്ചു'; നീതി കിട്ടിയില്ലെന്ന് ജോസ് കെ മാണി
 
ഇന്നലെ പുറത്താക്കിയപ്പോൾ യുഡിഎഫിന് അനകൂലമായി ചില നേതാക്കൾ സംസാരിച്ചതിൽ ജോസ് കെ മാണി അതൃപ്‍തി പ്രകടിപ്പിച്ചിരുന്നു.  തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കുമില്ലെന്നാണ് ജോസ് പക്ഷത്തിന്‍റെ നിലപാട്. തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത നോക്കി പ്രാദേശിക സഹകരണം മാത്രമായിരിക്കും ഉണ്ടാകുക. യുഡിഎഫിനോടും കോൺഗ്രസിനോടും മൃദുസമീപനം വേണ്ടെന്ന നിലപാടിലാണ് ജോസ് പക്ഷം. യുഡിഎഫുമായി ഇനി ചർച്ച വേണ്ടന്ന ഉറച്ച തീരുമാനത്തിലാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ പ്രധാന നേതാക്കൾ. രാഷ്ട്രീയ ഭാവി തീരുമാനിക്കാനുള്ള കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്‍റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരുകയാണ്. യുഡിഎഫ് പുറത്താക്കിയ സാഹചര്യത്തിൽ മുന്നണി മാറ്റമാണ് പ്രധാന അജണ്ട. 


 

click me!