'യുഡിഎഫില്‍ തുടരണമെങ്കില്‍ മുന്നണി തീരുമാനം അംഗീകരിക്കണം'; ജോസ് കെ മാണിയോട് ആവര്‍ത്തിച്ച് പി ജെ ജോസഫ്

By Web TeamFirst Published Jun 25, 2020, 9:24 AM IST
Highlights

അധികാരകൈമാറ്റം നടന്നാല്‍ അല്ലാതെ ഇനി ഈ വിഷയത്തില്‍ ചര്‍ച്ചയില്ലെന്ന് ജോസഫ് ഉറപ്പിച്ച് പറ‌ഞ്ഞു. അതേസമയം, എല്‍ഡിഎഫിലേക്ക് പോകാനാനുള്ള നീക്കം ഒന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

തൊടുപുഴ: കോട്ടയം ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തിന്‍റെ കാര്യത്തില്‍ മുന്നണി നേതൃത്വം ആലോചിച്ചെടുത്ത തീരുമാനം അംഗീകരിക്കാനുള്ള ബാധ്യത ഒരു ഘടകകക്ഷിക്കുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജേസഫ്. അത് അംഗീകരിക്കുന്നില്ലെങ്കില്‍ മുന്നണിയുടെ ഭാഗമായി തുടരാനുള്ള അര്‍ഹത ഘടകകക്ഷിക്കില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് 'നമസ്തേ കേരള'ത്തില്‍ ജോസഫ് പറഞ്ഞു.

അതുകൊണ്ട് കോട്ടയം ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തിന്‍റെ കാര്യത്തില്‍ ഏറ്റവും വേഗത്തിലുള്ള തീരുമാനമാണ് വേണ്ടത്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളുടെ നിലപാട് ഇക്കാര്യത്തില്‍ പുറത്ത് വന്നിരുന്നു. അധികാരകൈമാറ്റം നടന്നാല്‍ അല്ലാതെ ഇനി ഈ വിഷയത്തില്‍ ചര്‍ച്ചയില്ലെന്ന് ജോസഫ് ഉറപ്പിച്ച് പറ‌ഞ്ഞു.

അതേസമയം, എല്‍ഡിഎഫിലേക്ക് പോകാനാനുള്ള നീക്കം ഒന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം ജോസ് കെ മാണിയുടെ ഭാവനാസൃഷ്ടിയാണ്. ജോസ് കെ മാണിക്ക് മുന്നണിക്കുള്ളില്‍ തുടരണമെങ്കില്‍ മുന്നണി തീരുമാനം നടപ്പാക്കണം. ഒരു ധാരണയും പാലിക്കാത്ത വിഭാഗമാണ് അവരെന്നും ജോസഫ് വിമര്‍ശിച്ചു.

അതേസമയം, ഇടത് മുന്നണിയിലേക്ക് എന്ന അഭ്യൂഹം ജോസ് കെ മാണിയും തള്ളിയിരുന്നു. ഇടത് മുന്നണിയുമായി അടുക്കാന്‍ ശ്രമിക്കുന്നത് ജോസഫ് വിഭാഗമാണെന്നും മുന്നണി വിടുമോ എന്ന കാര്യം ജോസഫ് വിഭാഗത്തോടാണ് ചോദിക്കേണ്ടതെന്നും ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പിണറായി വിജയന്‍ മികച്ച നേതാവെന്ന പി ജെ ജോസഫിന്‍റെ ലേഖനവും പ്രസ്താവനയും ചൂണ്ടിക്കാട്ടിയാണ് ഇടത് മുന്നണിയോട് അടുക്കാന്‍ ജോസഫ് വിഭാഗം ശ്രമിക്കുന്നുവെന്നാണ് ജോസ് കെ മാണി ആരോപിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പാര്‍ട്ടി രാജിവെക്കണമെന്ന യുഡിഎഫ് നിര്‍ദ്ദേശം പരസ്യമായി നിരാകരിച്ചതോടെ ജോസ് കെ മാണിയുടെ നീക്കങ്ങള്‍ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം നോക്കുന്നത്.

click me!