'പാലാ'യില്‍ പി ജെ ജോസഫ് വഴങ്ങി; ചിഹ്നം ഇപ്പോഴും പ്രതിസന്ധി

By Web TeamFirst Published Sep 1, 2019, 8:34 PM IST
Highlights

ജോസ് കെ മാണി വിഭാഗം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ ഗത്യന്തരമില്ലാതെ അംഗീകരിച്ചെങ്കിലും പൂര്‍ണമായും പാര്‍ട്ടി ചിഹ്നമായ രണ്ടില വിട്ടുകൊടുക്കാന്‍ പി ജെ ജോസഫ് തയ്യാറല്ലെന്നാണ് സൂചന.

കോട്ടയം: അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ യുഡിഎഫ് തീരുമാനത്തിന് പി ജെ ജോസഫ് വഴങ്ങി. പാലായില്‍ ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം അംഗീകരിക്കുന്നതായി ജോസഫ് പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയെത്തുടര്‍ന്നാണ് ജോസഫ് വഴങ്ങിയത്. അപ്പോഴും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഏത് ചിഹ്നത്തില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ജോസ് കെ മാണി വിഭാഗം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ ഗത്യന്തരമില്ലാതെ അംഗീകരിച്ചെങ്കിലും പൂര്‍ണമായും പാര്‍ട്ടി ചിഹ്നമായ രണ്ടില വിട്ടുകൊടുക്കാന്‍ പി ജെ ജോസഫ് തയ്യാറല്ലെന്നാണ് സൂചന. ചിഹ്നത്തെ സംബന്ധിച്ച് നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കുമെന്നായിരുന്നു, യുഡിഎഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം ജോസഫ് പറഞ്ഞത്. എന്നാല്‍, ചിഹ്നത്തിനായി ആരുടെയും ഔദാര്യത്തിന് കാത്തുനില്‍ക്കില്ലെന്ന് ജോസ് ടോം പ്രഖ്യാപിച്ചതോടെ ജോസഫ് നിലപാട് കടുപ്പിച്ചു. ചിഹ്നം വേണ്ടെന്ന് സ്ഥാനാർത്ഥി തന്നെ പറഞ്ഞ സാഹചര്യത്തിൽ ആ പ്രശ്നം ഉദിക്കുന്നില്ലെന്നാണ്  പി ജെ ജോസഫ് ഇപ്പോള്‍ പറയുന്നത്. 

രണ്ടില ചിഹ്നത്തിലേ മത്സരിക്കൂ എന്ന് നിര്‍ബന്ധമില്ലെന്നാണ് ജോസ് ടോം പറഞ്ഞത്. ചിഹ്നത്തിന്റെ കാര്യം യുഡിഎഫ് തീരുമാനിക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയായി  മത്സരിക്കാനും തയ്യാറാണെന്നാണ് ജോസ് ടോം പുലിക്കുന്നേൽ പറഞ്ഞത്. 

click me!