
തിരുവനന്തപുരം: കോട്ടയം മണ്ഡലത്തിലെ സ്ഥാനാർത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള കേരള കോൺഗ്രസില്‍ ഉണ്ടായ ഭിന്നത പരിഹരിക്കാൻ ഇന്ന് തിരുവനന്തപുരത്ത് നിർണായക യോഗം ചേരും. പ്രശ്ന പരിഹാരത്തിന് സഹായം തേടി പി ജെ ജോസഫ് കോൺഗ്രസ് നേതാക്കളെ കാണും.
കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായാണ് പി ജെ ജോസഫ് കൂടിക്കാഴ്ച നടത്തുന്നത്. കോൺഗ്രസിന്‍റെ കൂടെ പിന്തുണയോടെയാണ് ജോസഫ് സ്ഥാനാർത്ഥി മോഹം പരസ്യമാക്കിയത്. ഇതുകൊണ്ട് തന്നെ കൂടിക്കാഴ്ചയിൽ ജോസഫിന് ഏറെ പ്രതീക്ഷയുണ്ട്. തിരുവനന്തപുരത്തേക്ക് തിരിക്കും മുന്നെ ജോസഫ് പാലാ ബിഷപ്പുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, ജോസഫിന് സീറ്റ് നിഷേധിച്ച തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് കെ എം മാണി. തോമസ് ചാഴിക്കാടൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മാണി ആവർത്തിക്കുന്നു. മുന്നണിയുടെ ജയസാധ്യതയെ ബാധിക്കരുതെന്ന് പറയുമ്പോഴും മാണി സ്ഥാനാര്‍ത്ഥിയെ നാടകീയമായി പ്രഖ്യാപിച്ചതിൽ കോണ്‍ഗ്രസിനും അതൃപ്തിയുണ്ട്. എന്നാല്‍, കേരള കോൺഗ്രസിന്‍റെ ആഭ്യന്തര പ്രശ്നമായതിനാൽ ഇടപെടുന്നതിന് കോൺഗ്രസിന് പരിമിതികളുണ്ട്.
ഇതിനിടെ, തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പങ്കെടുത്ത കോൺഗ്രസ് കോട്ടയം മണ്ഡലം കമ്മിറ്റി യോഗത്തില്‍ ചാഴികാടന്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫ്രാന്‍സീസ് ജോര്‍ജിനൊപ്പം പലരും മുന്നണി വിട്ടതോടെ ദുര്‍ബലമായ ജോസഫ് പക്ഷത്തിന് പഴയ പോലെ വിലപേശൽ ശക്തിയില്ല. പ്രശ്നം പരിഹരിക്കാതെ പാർട്ടിയിൽ പിളര്‍പ്പുണ്ടായാലും ജോസഫ് യു ഡി എഫിൽ തന്നെ തുടരാനാണ് സാധ്യത. അതിനാൽ തന്നെ ഇന്നത്തെ കൂടിക്കാഴ്ച ശ്രദ്ധേയമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam