'എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം'; കോൺഗ്രസ് എംപിയാണ് എന്നത് ശശി തരൂർ മറക്കുന്നുവെന്ന് പി ജെ കുര്യൻ

Published : Dec 13, 2025, 05:51 PM IST
Shashi Tharoor P J Kurien

Synopsis

തിരുവനന്തപുരം കോർപ്പറേഷനിലെ എൻഡിഎയുടെ മിന്നും ജയത്തിന് പിന്നാലെ ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി പി ജെ കുര്യൻ. തരൂർ ലക്ഷ്മണരേഖ ലംഘിക്കുന്നുവെന്നും കോൺഗ്രസ് എംപിയാണെന്ന് മറക്കുന്നുവെന്നും ആരോപണം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് എൻഡിഎ മിന്നും ജയം നേടിയതിന് പിന്നാലെ ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ. എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം. കോൺഗ്രസ് എംപിയാണ് എന്നത് തരൂർ മറക്കുന്നു. തരൂർ ലക്ഷ്ണണ രേഖ കടക്കുന്നുവെന്നും പി ജെ കുര്യൻ വിമർശിച്ചു.

"ലക്ഷ്മണരേഖയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് ഇന്‍റേണൽ ഡെമോക്രസിക്കു വേണ്ടി വിമർശനം നടത്തിയാൽ ഞാനതിന് എതിരല്ല. ഞാനങ്ങനെ നടത്താറുണ്ട്. പക്ഷേ ശശി തരൂർ ലക്ഷ്മണരേഖ ലംഘിക്കുന്നു. എംപിയായത് കോണ്‍ഗ്രസ് പാർട്ടിയിൽ നിന്നാണെന്ന് അദ്ദേഹം മറക്കുന്നു. എംപി ആയതുകൊണ്ട് ആണ് ബിജെപി തരൂരിനെ പരിഗണിക്കുന്നതെന്നും അദ്ദേഹം മറക്കുന്നു"- പി ജെ കുര്യൻ പറഞ്ഞു.

തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്‍റെ സൗന്ദര്യമെന്ന് ശശി തരൂർ

സംസ്ഥാനത്താകെയുള്ള യു ഡി എഫിന്‍റെ മികച്ച വിജയത്തെ അഭിനന്ദിച്ച ശശി തരൂർ, തിരുവനന്തപുരം കോർപറേഷനിലെ ബി ജെ പിയുടെ ചരിത്ര വിജയത്തെയും അഭിനന്ദിക്കാൻ മടികാട്ടിയില്ല. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ഫലം കാണിക്കുന്നതെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തലസ്ഥാനത്തടക്കം ദൃശ്യമായതെന്നും തരൂർ അഭിപ്രായപ്പെട്ടു. എൽ ഡി എഫിന്റെ ദീർഘകാല ഭരണത്തിനെതിരായ ജനവികാരമാണ് യു ഡി എഫിന്‍റെയും ബി ജെ പിയുടെയും വിജയത്തിന് പിന്നിലെന്നും അദ്ദേഹം എക്സിലെ കുറിപ്പിൽ അഭിപ്രായപ്പെട്ടു.

"കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ അത്ഭുതകരമായ ഫലങ്ങൾ നൽകിയ ഒരു ദിനമാണ് ഇന്ന്! ജനവിധി വ്യക്തമാണ്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ മികച്ച വിജയത്തിൽ യു ഡി എഫിന് വലിയ അഭിനന്ദനങ്ങൾ! ഇത് വൻ അംഗീകാരമാണ്, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾ നൽകുന്ന ശക്തമായ സൂചനയും. കഠിനാധ്വാനം, ശക്തമായ സന്ദേശം, ഭരണവിരുദ്ധ വികാരം എന്നിവയെല്ലാം ഒത്തുചേർന്ന് 2020 ലേതിനേക്കാൾ മികച്ച ഫലം നേടിയെടുക്കാനായി. തിരുവനന്തപുരത്തെ ബി ജെ പിയുടെ ചരിത്രപരമായ വിജയവും അംഗീകരിക്കുന്നു. തിരുവനന്തപുരം കോർപറേഷനിലെ അവരുടെ പ്രധാന വിജയത്തിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു. തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ശ്രദ്ധേയമായ മാറ്റം അടയാളപ്പെടുത്തുന്ന ശക്തമായ പ്രകടനമാണ് ബി ജെ പി നടത്തിയത്. നഗരസഭയിലെ 45 വർഷത്തെ എൽ ഡി എഫ് ദുരന്തഭരണത്തിൽ നിന്നുള്ള മാറ്റത്തിനായി ഞാനും പ്രചാരണം നടത്തിയിരുന്നു. പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത, മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നൽകിയത്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. മൊത്തത്തിൽ യു ഡി എഫിനും എന്റെ മണ്ഡലത്തിൽ ബി ജെ പിയും നേടിയ ജനവിധി ആദരിക്കപ്പെടണം. കേരളത്തിന്റെ ക്ഷേമത്തിനായി തുടർന്നും പ്രവർത്തിക്കും, ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി വാദിക്കുകയും നല്ല ഭരണതത്വങ്ങളുടെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യും"- എന്നാണ് തരൂർ കുറിച്ചത്.

തലസ്ഥാനത്ത് നൂറില്‍ 50 സീറ്റുമായി എന്‍ഡിഎ

നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് 50 സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. അതേസമയം സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മുൻ ഡിജിപി ആർ ശ്രീലേഖയും കെ എസ് ശബരീനാഥനും വി വി രാജേഷുമുൾപ്പെടെ പ്രമുഖർ ജയിച്ചുകയറി.

സംസ്ഥാന ചരിത്രത്തിലാദ്യമായി ബിജെപി ഒരു കോർപ്പറേഷൻ ഭരിക്കാൻ പോവുകയാണ്. നൂറ് സീറ്റില്‍ അമ്പതും ബിജെപി പിടിച്ചു. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്‍റെ കുറവേ ബിജെപിക്കുള്ളൂ. നേമത്തും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും സിറ്റിങ് വാർഡുകൾ നിലനിർത്തിയതിനൊപ്പം ഇടതു കേന്ദ്രങ്ങളെ ഉലച്ചിരിക്കുകയാണ് ബിജെപി. വി വി രാജേഷ്, മുൻ ഡിജിപി ആർ ശ്രീലേഖ എന്നിവരാണ് മേയർ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.

തിരുവനന്തപുരത്ത് എൽഡിഎഫിന് സിറ്റിങ് വാർഡുകൾ പലതും നഷ്ടമായി. കഴക്കൂട്ടം മണ്ഡലത്തിലെ വാർഡുകളിൽ തകർന്നടിഞ്ഞു. പത്ത് സീറ്റിലേക്ക് 2020ൽ ഒതുങ്ങിയ യുഡിഎഫിന്‍റേത് വമ്പൻ തിരിച്ചുവരവാണ്. തീരദേശ വാർഡുകൾ യുഡിഎഫിനൊപ്പം നിന്നു. കെ എസ് ശബരീനാഥനും വോട്ട് വിവാദമുണ്ടായ മുട്ടടയിലെ വൈഷ്ണ സുരേഷുമുൾപ്പെടെ ജയിച്ചു. രണ്ട് വാർഡുകളിൽ സ്വതന്ത്രരാണ് വിജയികൾ. അവരിൽ ഒരാൾ പിന്തുണച്ചാൽ ബിജെപി ഭരണത്തിലേറും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള വിധിയെഴുത്തെന്ന് ഷാഫി പറമ്പിൽ; 'ജനങ്ങൾ സർക്കാരിനെ നിർത്തിപ്പൊരിച്ചു'
ആഹ്ലാദപ്രകടനത്തിനിടെ സംഘർഷം; പിടിച്ചുമാറ്റാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു