
പാലക്കാട്: പാർട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയനായ പികെ ശശിയെ അനുകൂലിക്കുന്ന സിപിഎമ്മിലെ ഒരു വിഭാഗം മണ്ണാർക്കാട് മേഖലയിൽ പിടിമുറുക്കാൻ ശ്രമം തുടങ്ങി. പാർട്ടിയുമായി പരസ്യ പോരിനിറങ്ങിയാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിൽ പി.കെ.ശശി അനുകൂല വിഭാഗത്തിന്റെ ജനകീയ മതേതര മുന്നണി സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. മണ്ണാർക്കാട് നഗരസഭയിൽ പത്ത് സീറ്റുകളിൽ മത്സരിക്കാനാണ് നീക്കം. മുൻ ബ്രാഞ്ച് സെക്രട്ടറി മുതൽ ലോക്കൽ കമ്മിറ്റി അംഗം വരെ ജനകീയ മതേതര മുന്നണി സ്ഥാനാർത്ഥികളായി രംഗത്തുണ്ട്. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റിൽ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി എ.കെ.ഷാനിഫാണ് മത്സരിക്കുന്നത്.
കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി യുഡിഎഫ് പിന്തുണയോടെയാണ് ഇത്തവണ മത്സരിക്കുന്നത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിലേക്ക് കഴിഞ്ഞതവണ സിപിഎം ചിഹ്നത്തിൽ മത്സരിച്ചയാൾക്കും ഇത്തവണ യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാരാകുറുശ്ശി പഞ്ചായത്തിൽ മുൻ ലോക്കൽ സെക്രട്ടറി മത്സര രംഗത്ത് വന്നതും പാർട്ടിക്കുള്ളിലെ വിമത നീക്കത്തിൻ്റെ അടയാളമായി. കാരാകുറുശ്ശിയിൽ നിലവിലെ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 4 പേർ കൂടി ഇന്ന് നാമനിർദേശ പത്രിക നൽകുമെന്ന് സൂചനയുണ്ട്. കോട്ടോപ്പാടം പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയിൽ സിപിഎമ്മിൽ നിന്നുള്ള അഞ്ചു പേർ മത്സരിക്കുന്നുണ്ട്.
മണ്ണാർക്കാടും പരിസരത്തും മത്സരരംഗത്തുള്ളത് പികെ ശശിയെ സ്നേഹിക്കുന്നവരാണെന്ന് എ.കെ.ഷാനിഫ് പ്രതികരിച്ചു. പി.കെ.ശശിയെ മാറ്റി നിർത്തിയതിലെ അമർഷവും സങ്കടവും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. സിപിഎമ്മിനെ പരാജയപ്പെടുത്തുകയാണ് ജനകീയ മതേതര മുന്നണിയുടെ ലക്ഷ്യം. സിപിഎം ജില്ലാ സെക്രട്ടറിയുടേത് ഏകാധിപത്യ നിലപാടാണ്. ഇതിനെതിരെയാണ് സ്ഥാനാർത്ഥിത്വം. പാർട്ടിയെ പാർട്ടിയായി നിലനിർത്താൻ വേണ്ടിയാണ് മത്സരിക്കുന്നത്. സ്പിരിറ്റ് - കള്ള് മാഫിയക്ക് പിന്നാലെ പോകുന്ന നേതൃത്വമാണ് ഇപ്പോഴുള്ളത്. ചില കേന്ദ്രങ്ങളിൽ യുഡിഎഫുമായി സഹകരിക്കുന്നുണ്ടെന്നും ആരുമായും രഹസ്യ ധാരണയുണ്ടാക്കിയിട്ടില്ലെന്നും ഷാനിഫ് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam