
പാലക്കാട്: സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത് പി കെ ശശി. താൻ നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ഇതിലൂടെ തെളിഞ്ഞില്ലേ എന്നും ശശി ചോദിച്ചു. സുരേഷ് ബാബുവിനെതിരെയടക്കം വിമർശനം ഉന്നയിച്ചുകൊണ്ട് സി പി എം ബന്ധം അവസാനിപ്പിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് ശശി സംസാരിച്ചത്. പാർട്ടിയിൽ ഇനിയും നിരവധി പുഴുക്കുത്തുകൾ ബാക്കിയുണ്ടെന്നും, 'ചതിച്ചാൽ ചതിക്കപ്പെടും' എന്ന തത്ത്വമാണ് ഇവിടെ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ യുവജന നേതാവിനെക്കൂടി മാറ്റാൻ തീരുമാനം ആയിട്ടുണ്ടല്ലോ എന്നും ശശി ചൂണ്ടിക്കാട്ടി. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയെ മാറ്റാനും തീരുമാനമായെന്ന റിപ്പോർട്ടുകളാണ് ശശി പരാമർശിച്ചത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് രൂക്ഷമായി വിമർശിച്ച പി കെ ശശി, നേതൃത്വത്തിന്റെ വീഴ്ചകളെയും രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ചു.
തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിൽ നടപടിയുടെ ഭാഗമായാണ് സി പി എം പാലക്കാട് ജില്ലാ സെക്രട്ടറിയെ നേതൃത്വം മാറ്റിയത്. ഇ എൻ സുരേഷ് ബാബുവിനെ മാറ്റി മുൻ എം എൽ എ വി ചെന്താമരാക്ഷനെയാണ് പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 6 ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ 8 പേരെ ക്ഷണിതാക്കളാക്കി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. വനിതാ നേതാവിന്‍റെയടക്കം പരാതികളെ തുടർന്നാണ് ഇ എൻ സുരേഷ് ബാബുവിനെയാണ് മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സി പി എം നിഷേധിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെന്നാണ് സുരേഷ് ബാബു പ്രതികരിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ വി ചെന്താമരക്ഷനെ സെക്രട്ടറിയായി തീരുമാനിച്ചു. വിപുലീകൃത ജില്ല കമ്മറ്റിക്ക് മുമ്പാണ് വ്യക്തിപരമായ അസൗകര്യം അറിയിച്ചത്. ആരോഗ്യകരമായ പ്രശ്‌നം കൊണ്ട് മാത്രമേ സെക്രട്ടറി സ്ഥാനം ഒഴിയാവൂ എന്ന് എനിക്കറിയില്ലെന്നും സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം സുരേഷ് ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചില്ലെന്ന് പുതിയ ജില്ലാസെക്രട്ടറി ചെന്താമരാക്ഷൻ പറഞ്ഞു. സെക്രട്ടറിയുടെ മാറ്റത്തിൽ മറ്റ് വ്യാഖ്യാനങ്ങളിൽ കാര്യമില്ല. വ്യക്തിപരമായ കാര്യം സംസ്ഥാന നേതൃത്വത്തിന് കൂടി ബോധ്യപ്പെട്ടുവെന്നും ചെന്താമരാക്ഷൻ വിവരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam