
കൊച്ചി: സാഹിത്യകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്‍റെ കവർ ചിത്രത്തിനെതിരായ ഹർജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. 'മദർ മേരി കംസ് ടു മി' എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രമായി പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പ് നല്‍കാതെ പ്രസിദ്ധീകരിച്ചു എന്നാണ് പരാതി. പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിയമ പ്രകാരമുള്ള മുന്നറിയിപ്പ് നല്‍കാതെയാണ് ചിത്രം പ്രസിദ്ധീകരിച്ചത് എന്നതിനാൽ പുസ്തകം വിൽക്കുന്നത് തടയണമെന്ന് അഭിഭാഷകനായ ഹർജിക്കാരൻ രാജസിംഹൻ ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ എത്തിയ ഹർജിയിൽ, കോടതി കേന്ദ്ര സര്‍ക്കാരിനോടും പുസ്തക പ്രസാധകരോടും വിശദീകരണം തേടി.
ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിഗരറ്റിന്‍റെയും മറ്റ് പുകയില ഉത്പന്നങ്ങളുടെയും പരസ്യം, വിപണനം, ഉത്പാദനം എന്നിവയുടെ നിയന്ത്രണം സംബന്ധിച്ച 2013-ലെ നിയമത്തിലെ സെക്ഷൻ 5 പുസ്തകം ലംഘിച്ചെന്നാണ് ഹർജിക്കാരന്‍റെ വാദം. നേരിട്ടോ അല്ലാതെയോ സിഗരറ്റിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ പാടില്ല എന്നാണ് നിയമം. അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവർ 'ബൗദ്ധിക ധാർഷ്ട്യം' ആണെന്നാണ് ഹർജിക്കാരന്‍റെ വാദം. കവർ പേജ് പ്രത്യക്ഷമായും പരോക്ഷമായും പുകവലിക്ക് അനുകൂലമായ പരസ്യത്തിന് തുല്യമാണെന്നും ഹർജിക്കാരൻ വാദിച്ചു.
ഹർജിക്കാരൻ ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരെ സമീപിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ഇത് നിയമ ലംഘനമാണോ അല്ലയോ എന്ന് ആധികൃതർ പരിശോധിക്കേണ്ടതുണ്ട്. ഹർജിക്കാരൻ ഇതുസംബന്ധിച്ച എന്തെങ്കിലും അപേക്ഷ നൽകിയിട്ടുണ്ടോ എന്നും കോടതി വാക്കാൽ ചോദിച്ചു. ഇത്തരം നിയമലംഘനങ്ങൾ കൈകാര്യം ചെയ്യുന്ന അതോറിറ്റിക്ക് ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ ഹാജരാക്കാൻ കോടതി ഹർജിക്കാരനോട് നിർദേശിച്ചു. കൂടുതൽ വാദം കേൾക്കുന്നതിനായി ഹർജി സെപ്റ്റംബർ 25-ലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam