
ദില്ലി: കേരളത്തില്‍ അതിശക്തമായ പെയ്യുന്ന മഴയുടെ (Kerala Heavy rain) സാഹചര്യത്തില്‍ സുരക്ഷിതരായിരിക്കാനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ (Rahul Gandhi) നിര്‍ദേശം. തന്റെ മനസ്സ് കേരള ജനതക്കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ് തന്റെ മനസ്സെന്ന് പ്രിയങ്കാ ഗാന്ധിയും (Priyanka Gandhi) ട്വീറ്റ് ചെയ്തു. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്നവരെ എല്ലാ വിധത്തിലും സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നതായും പ്രിയങ്ക പറഞ്ഞു.
കേരളത്തില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. ഇടുക്കി ജില്ലയിലെ കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് പേര്‍ മരിച്ചു. 19വരെ മഴ തുടരാമെന്നാണ് പ്രവചനം.
അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നു തന്നെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
പാലക്കാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ ശക്തമാക്കണം. വെള്ളം ഒഴുക്കി കളയാന്‍ ആവശ്യമെങ്കില്‍ മോട്ടോര്‍ പമ്പുകള്‍ ഫയര്‍ഫോഴ്‌സ് വാടകക്ക് എടുക്കണം. ഒക്ടോബര്‍ 18 മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 20 മുതലാവും ആരംഭിക്കുക.
19 വരെ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആ ദിവസം വരെ ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam