ബിഹാർ മുഖ്യമന്ത്രിയെ നീക്കണം, സഖ്യ സർക്കാർ ജനത്തിന്റെ തീരുമാനത്തിന് വിരുദ്ധം: ഹൈക്കോടതിയിൽ ഹർജി

By Web TeamFirst Published Aug 19, 2022, 1:52 PM IST
Highlights

പാർലമെന്ററി ജനാധിപത്യ സംവിധാനത്തിനും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയ്ക്കും നിതീഷ് കുമാർ  പരിക്കേൽപ്പിച്ചെന്നും ഹർജിക്കാർ കുറ്റപ്പെടുത്തുന്നുണ്ട്

പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പാറ്റ്ന ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചു. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ തീരുമാനത്തിനെതിരാണ് പുതിയ സഖ്യമെന്ന് കാട്ടിയാണ് ഹർജി. പുതിയ സഖ്യം തട്ടിപ്പെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 

പാർലമെന്ററി ജനാധിപത്യ സംവിധാനത്തിനും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയ്ക്കും നിതീഷ് കുമാർ  പരിക്കേൽപ്പിച്ചെന്നും ഹർജിക്കാർ കുറ്റപ്പെടുത്തുന്നുണ്ട്. ഗവർണർ, നീതിഷ് കുമാർ, ആർജെഡി എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് പൊതുതാൽപര്യ ഹർജി നൽകിയിരിക്കുന്നത്.

നേരത്തെ എൻഡിഎ സഖ്യകക്ഷിയായിരുന്ന ജെഡിയു, ബിജെപി ബന്ധം ഉപേക്ഷിച്ചാണ് മഹാസഖ്യവുമായി കൈകോർത്തത്. നിതീഷ് കുമാർ മുഖ്യമന്ത്രിയും ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായാണ് സഖ്യ സർക്കാർ നിലവിൽ വന്നത്. കഴിഞ്ഞ ദിവസമാണ് മഹാസഖ്യ സര്‍ക്കാരിൽ മന്ത്രിമാരെ നിശ്ചയിച്ചത്. ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ കൈകാര്യം ചെയ്യും. ഉപ മുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ വകുപ്പിന്റെ ചുമതലയാണ് ഉള്ളത്.  തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നീ  വകുപ്പുകൾ നൽകി. 

ജെഡിയു നേതാവായ വിജയ് കുമാർ ചൗധരി ധനമന്ത്രിയാണ്. 31 പേരെ കൂടി ഉൾപ്പെടുത്തിയാണ് മഹാസഖ്യ സർക്കാർ മന്ത്രിസഭാ വികസനം പൂർത്തിയാക്കിയത്. ആർജെഡിയില്‍ നിന്ന് 16 ഉം ജനതാദളില്‍ (ജെഡിയു) നിന്ന് 11 ഉം പേർ മന്ത്രിമാരായി. കോൺഗ്രസിന് രണ്ടും എച്ച് എ എമ്മിനും ഒരു മന്ത്രി സ്ഥാനവുമാണ് ലഭിച്ചത്. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള പതിനേഴ് പേരാണ് മന്ത്രിസഭയിലുള്ളത്.

സ്വതന്ത്ര എംഎല്‍എ ആയ സുമിത് കുമാറിനെയും മഹാസഖ്യ സ‍ര്‍ക്കാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ഭാവിയിലെ മന്ത്രിസഭ വികസനം മുന്നില്‍ കണ്ട് ഒഴിച്ചിട്ടിരിക്കുകയാണ്. സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുകയാണ് ഇടത് പാര്‍ട്ടികൾ. 12 എംഎൽഎ മാരുള്ള സിപിഐ എംഎൽ, രണ്ട് വീതം എംഎൽഎമാരുള്ള സിപിഐ, സിപിഎം പാര്‍ട്ടികൾ സഖ്യത്തിന്റെ ഭാഗമായി മന്ത്രിസഭയിൽ ചേരാതെ, സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കാനാണ് തീരുമാനിച്ചത്. സര്‍ക്കാരിന്റെ നയ രൂപീകരണങ്ങളിൽ സമ്മ‍ര്‍ദ്ദം ചെലുത്തി നിലപാടെടുപ്പിക്കാൻ സാധിക്കുന്ന തരത്തിൽ അംഗബലം ഇല്ലെന്നതാണ് സഖ്യത്തെ പുറത്ത് നിന്ന് പിന്തുണക്കാനുള്ള കാരണമായി ഇടത് പാര്‍ട്ടികൾ പറയുന്നത്.

click me!