മൊഴിമാറ്റത്തിന് സഹായം തേടി രാഹുല്‍ ഗാന്ധി, ദൗത്യം ഗംഭീരമാക്കി സഫ

By Web TeamFirst Published Dec 5, 2019, 3:17 PM IST
Highlights

കരുവരാക്കുണ്ട് ഗവ.എച്ച്എസ്.എസില്‍ ഒരുക്കിയ വേദിയിലെത്തിയ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് രാഹുല്‍ ഗാന്ധി തന്‍റെ പ്രസംഗം മലയാളത്തിലേക്ക് തര്‍ജമ ചെയ്യാന്‍ സഹായിക്കാമോ എന്ന് വിദ്യാര്‍ത്ഥികളോട് ചോദിച്ചത്. 

മലപ്പുറം: മണ്ഡലത്തില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് മൊഴി മാറ്റിയ വിദ്യാര്‍ത്ഥിനി സമൂഹമാധ്യമങ്ങളില്‍ താരമായി. നിലമ്പൂര്‍ കരുവാരക്കുണ്ട് ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി സഫയ്ക്കാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക എന്ന ദൗത്യം അപ്രതീക്ഷതമായി ഏറ്റെടുക്കേണ്ടി വന്നത്. എന്നാല്‍ പതര്‍ച്ചയും തെറ്റുകളുമില്ലാതെ രാഹുലിന്‍റെ പ്രസംഗം അതിഗംഭീരമായി തന്നെ സഫ മലയാളത്തിലേക്ക് മൊഴി മാറ്റി. സഫയ്ക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ കുറച്ചു വാക്കുകള്‍ വീതം പറഞ്ഞു കൊണ്ട് രാഹുല്‍ പ്രസംഗിക്കുകയും ചെയ്തു. 

കരുവരാക്കുണ്ട് ഗവ.എച്ച്എസ്.എസില്‍ ഒരുക്കിയ വേദിയിലെത്തിയ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് രാഹുല്‍ ഗാന്ധി തന്‍റെ പ്രസംഗം മലയാളത്തിലേക്ക് തര്‍ജമ ചെയ്യാന്‍ സഹായിക്കാമോ എന്ന് വിദ്യാര്‍ത്ഥികളോട് ചോദിച്ചത്.  ഈ ദൗത്യം ധൈര്യപൂര്‍വ്വം ഏറ്റെടുത്ത സഫ സദസില്‍ നിന്നും എഴുന്നേറ്റതോടെ സഫയെ വേദിയിലേക്ക് രാഹുല്‍ ക്ഷണിച്ചു. തന്‍റെ വാക്കുകള്‍ സഫ തര്‍ജമപ്പെടുത്തിയ ശേഷം സദസില്‍ നിന്നുമുണ്ടായ പ്രതികരണം രാഹുലിനേയും വളരെ സന്തോഷവനാക്കി. 

അഞ്ച് മിനിറ്റോളം നീണ്ട പ്രസംഗം സഫ  തെറ്റുകളില്ലാത്ത പരിഭാഷപ്പെടുത്തിയതോടെ രാഹുല്‍ തന്നെ സഫയെ ചോക്ലേറ്റ് നല്‍കി അനുമോദിച്ചു. പരിപാടി പൂര്‍ത്തിയാക്കി രാഹുല്‍ വേദി വിട്ടതിന് പിന്നാലെ സ്കൂളിന്‍റെ അഭിമാനമുയര്‍ത്തിയ മിടുക്കിയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ മാധ്യമങ്ങള്‍ വളയുകയും ചെയ്തു. 

click me!