
ദില്ലി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കി ബി ജെ പി ദേശീയ നേതൃത്വം. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെക്ക് ചുമതല നൽകി. കേന്ദ്രമന്ത്രി ശോഭ കരന്തലജെക്ക് സഹചുമതലയും നൽകിയിട്ടുണ്ട്. ബി ജെ പി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റതിന് പിന്നാലെയാണ് കേരളത്തിന്റെ ചുമതലക്കാരെ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. നിതിൻ നബിന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ദേശീയ നേതൃത്വം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരത്തിലേറാമെങ്കിൽ കേരളത്തിലും അധികാരത്തിലേറാം എന്നതാണ് ബി ജെ പി ദേശീയ നേതൃത്വം മുന്നോട്ട് വയ്ക്കുന്ന പ്രചരണം. തലസ്ഥാന വിജയം ആഘോഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തുന്നുണ്ട്. മോദി എത്തുന്നതിന് മുന്നേ തന്നെ തെരഞ്ഞെടുപ്പ് ചുമതല നേതാക്കൾക്ക് നൽകിയതിലൂടെ വ്യക്തമായ സന്ദേശമാണ് ബി ജെ പി മുന്നോട്ട് വയ്ക്കുന്നത്. വെള്ളിയാഴ്ച മോദി കൂടി എത്തുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സംഘടനാ സംവിധാനങ്ങളുമായി മുന്നോട്ട് പോകാം എന്നാണ് നേതൃത്വം കണക്ക് കുട്ടുന്നത്.
തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. ബി ജെ പി ഭരണം പിടിച്ച തിരുവനന്തപുരത്തിന്റ ബ്ലൂ പ്രിൻറ് വഴി മിഷൻ കേരളമാണ് ലക്ഷ്യം. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നേടിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്നായിരുന്നു ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഭരണം പിടിച്ചതിന് പിന്നാലെ വാക്ക്പാലിച്ച് എത്തുന്ന മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ തലസ്ഥാനത്ത് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. വികസിത തിരുവനന്തപുരത്തിന്‍റെ ബ്ലൂപ്രിന്റ് പ്രധാനമന്ത്രി പുറത്തിറക്കുന്നതാകും ഏറ്റവും ശ്രദ്ധേയം. കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തലസ്ഥാനത്ത് പുതിയ കേന്ദ്ര പദ്ധതികൾ, സ്മാർട്ട് സിറ്റിയുടെ അടുത്തഘട്ടം, മാലിന്യ സംസ്ക്കരണത്തിനുള്ള ബൃഹദ് സംരഭം, വിഴിഞ്ഞം തുറമുഖം കണക്ട് ചെയ്തുള്ള വികസന കോറിഡോർ അടക്കം പ്ലാനിലുണ്ടെന്നാണ് സൂചന. വെള്ളിയാഴ്ച പുത്തരിക്കണ്ടം മൈതാനത്താണ് പരിപാടികൾ. ആദ്യം അമൃത് ഭാരത് സർവീസുൾപ്പടെ നാല് പുതിയ ട്രെയ്നുകളുടെ ഫ്ലാഗ് ഓഫ്. പിന്നാലെയാണ് ബി ജെ പിയുടെ പൊതുസമ്മേളനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam