
മലപ്പുറം: മുസ്ലിം ലീഗ് നേതൃയോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന സെക്രട്ടറി പി എം സാദിഖലി. പാർട്ടിയുടെ ഉടമസ്ഥാവകാശം ആർക്കും അവകാശപ്പെടാൻ കഴിയില്ലെന്നും ഇതൊരു സിംഗിൾ ഓണർഷിപ്പിൽ പോകേണ്ട പാർട്ടിയല്ലെന്നും സാദിഖലി പറഞ്ഞു. രാഷ്ട്രീയ പാർട്ടി നേതൃത്വത്തിന് സമൂഹത്തെ മുന്നോട്ട് നയിക്കാൻ കഴിയണം. നേതൃത്വത്തിന് സമൂഹത്തെക്കുറിച്ച് ഉൾക്കാഴ്ചയുണ്ടാകണം. അങ്ങനെ കാഴ്ചപ്പാടുള്ള ഒരു നേതൃത്വമാണ് മുസ്ലിം ലീഗിനെ മുന്നോട്ടു നയിക്കേണ്ടത്.
1937 മുതൽ മലബാറിന്റെ മണ്ണിൽ ഈ പാർട്ടിക്ക് ഈടുറ്റ ചരിത്രമുണ്ട്. ബാഫഖി തങ്ങളും സീതി സാഹിബും ചേർന്ന് നിന്നാണ് മുസ്ലിംലീഗ് രാഷ്ട്രീയത്തെ മുന്നോട്ടു നയിച്ചത്. പിന്നെ നമുക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ബാഫഖി തങ്ങളുണ്ടാക്കിയ ജനകീയാടിത്തറ മാത്രമാണ് ഇപ്പോഴും ലീഗിനുള്ളത്. അതിന്റെ ഉടമസ്ഥാവകാശത്തിന് ഇന്ന് പാർട്ടിയിൽ ആർക്കും അർഹതയില്ല. ഞാനാണ് ഇതിന്റെ ഉടമ എന്ന നിലയിൽ പാർട്ടിയെ ആരും കൈകാര്യം ചെയ്യേണ്ടതില്ല. ലീഗിനെ മുന്നോട്ടു കൊണ്ടുപോകാൻ മാനേജ്‌മെന്റ് വൈദഗ്ധ്യം മാത്രം പോര. ഉൾക്കാഴ്ചയും വീക്ഷണവും വേണം. അതിന് പറ്റിയ നേതൃത്വം വരണമെന്നും പി.എം സാദിഖലി പറഞ്ഞു.
തോറ്റതിന്റെ കാരണം കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവല്ലായിരിക്കാം. കുഞ്ഞാലിക്കുട്ടി എം.എൽ എ സ്ഥാനം രാജിവെച്ച് പോയതെന്തിന്, വന്നതെന്തിന് എന്നതിന് ഉത്തരം വേണം. സാധാരണക്കാരെ അത് ബോധ്യപ്പെടുത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് ചുമതല നൽകി തിരിച്ചുവരവിന്റെ പ്രതീതി നൽകി. കുഞ്ഞാലിക്കുട്ടി ചുമതലയില്ലാത്ത ഏത് തെരഞ്ഞെടുപ്പാണ് നടന്നിട്ടുള്ളത് ? ഒരു തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ സേനാ നായകൻ ചെയ്യേണ്ടത് എതിരാളികളുടെ അടവും സന്നാഹവും മുൻകൂട്ടി അറിയലാണ്. അതിനാണ് സംഘടന ചുമതല ഏല്പിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ എൽഡിഎഫ് തരംഗം മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞത് എന്തൊരു അപഹാസ്യതയാണ്? പിന്നെ എന്താണ് തെരഞ്ഞെടുപ്പ് ചുമതല ? ഒരു വാർഡ് സെക്രട്ടറി പോലും അങ്ങനെ പറയില്ലെന്നും സാദിഖലി കുറ്റപ്പെടുത്തി.
ലീഗിനെ തിരിച്ചുകൊണ്ടു വന്നിട്ടേ ഞാൻ ഇത് അവസാനിപ്പിക്കൂ എന്നാണ് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞത്. അതെങ്ങെനെയാണ് അവസാനിപ്പിക്കുക ? ഇവിടെയുള്ളവരെല്ലാം ലീഗായി മരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പിന്നെ അധികാരം അവസാനിപ്പിക്കലാണ് ഉദ്ദേശിച്ചതെങ്കിൽ നിങ്ങൾ പറഞ്ഞത് അച്ചടക്കലംഘനമാണ്. നിങ്ങൾ അധികാരത്തിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഈ ബോഡിയാണ്. പാർട്ടിയെ നയിക്കാൻ മാനേജ്മെന്റ് വൈദഗ്ദ്യം മാത്രം പോര, അതിന് പ്രശാന്ത് കിഷോറിനെപ്പോലുള്ള ആളുകളെ കിട്ടും. സമൂഹത്തെ നയിക്കാൻ ഉൾക്കാഴ്ചയും ദീർഘവീക്ഷണവ്യമാണ് വേണ്ടത്.
2006ൽ എംഎസ്എഫ് പ്രസിഡണ്ടായിരുന്ന കാലത്ത് കുഞ്ഞാലിക്കുട്ടിയെ നേർക്കുനേർ വിമർശിച്ചതാണ്. അന്ന് എന്റെ തലയിൽ തലോടി ഇതൊന്നും പറയാൻ ആരുമുണ്ടായിരുന്നില്ല, ഇനി നമുക്ക് നന്നായി പോകണം എന്ന് പറഞ്ഞയാളാണ് കുഞ്ഞാലിക്കുട്ടി. എല്ലാം നന്നാകുമെന്ന് കരുതി അന്ന് സന്തോഷിച്ചു. തോൽക്കുമ്പോൾ മാത്രമല്ല, ജയിക്കുമ്പോഴും നന്നാവണം. നമ്മളാണ് പാർട്ടി എന്ന രീതിയിൽ കൂട്ടുത്തരവാദിത്തത്തോടെ മുന്നോട്ട് പോകണമെന്നും സാദിഖലി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam