
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ അനുനയ നീക്കം സജീവമാക്കി സിപിഎം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരിട്ടെത്തിയാണ് സിപിഐ നേതൃത്വവുമായി ചർച്ച നടത്തുന്നത്. സിപിഐ ആസ്ഥാനത്തെത്തിയ ശിവൻകുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണ്ട് ചര്‍ച്ച നടത്തും. സിപിഎം നിർദേശ പ്രകാരമാണ് അനുനയം നീക്കം. വിദ്യാഭ്യാസ മന്ത്രിയെയാണ് വിഷയത്തില്‍ സിപിഐ ഏറ്റവും അധികം കുറ്റപ്പെടുത്തുന്നത്. അതേ മന്ത്രിയെ തന്നെ നേരിട്ടിറക്കി സമവായത്തിന് ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.
മൂന്നാം പിണറായി സര്‍ക്കാരെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ പിഎം ശ്രീ വിവാദത്തിൽ ഉലഞ്ഞ് എൽഡിഎഫ് നേതൃത്വം. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോള്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്. ഘടകക്ഷികളെ ഇരുട്ടിൽ നിര്‍ത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. അതേസമയം, വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുമെന്നാണ് സൂചന.
ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത സ്കൂൾ പ്രത്യേകം വികസിപ്പിച്ച്, മികച്ച പഠന കേന്ദ്രമാക്കി മാറ്റുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് പിഎം ശ്രീ. പ്രധാൻമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ എന്നാണ് പദ്ധതിയുടെ പൂര്‍ണമായ പേര്. വിദ്യാഭ്യാസ നയത്തിൽ വർഗീയതയും വാണിജ്യവത്കരണവും ആരോപിച്ച് ഇടതുപക്ഷം പദ്ധതിയെ തുടക്കം മുതൽ എതിർക്കുന്നു. പിഎം ശ്രീ സ്‌കൂളുകളിൽ കേന്ദ്ര വിദ്യാഭ്യാസ നയം പൂർണ്ണമായി നടപ്പാക്കേണ്ടി വരും. കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള 14,500 സ്കൂളുകളെയാണ് സമഗ്രമായി നവീകരിയ്ക്കുക.
സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക സാങ്കേതിക വിദ്യകൾ, ലാബ്, ലൈബ്രറി, കായിക സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കും. പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകൾക്ക് അഞ്ച് വർഷത്തേക്ക് ഒരു കോടി രൂപ വരെ ലഭിക്കും. ഇതിൽ 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവും ആയിരിക്കും. കേരളത്തിൽ ഓരോ ബ്ലോക്ക് പഞ്ചായത്തിലും രണ്ട് സ്കൂളുകൾ വീതം മുന്നൂറോളം സ്‌കൂളുകൾക്ക് പദ്ധതിയുടെ പ്രയോജനം കിട്ടിയേക്കും. പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ ഫണ്ട് കഴിഞ്ഞ വർഷമാണ് കേന്ദ്രം തടഞ്ഞത്. കേരളത്തിൽ പദ്ധതി ശുപാർശ മന്ത്രിസഭയിലെത്തിയപ്പോൾ സിപിഐ എതിർത്തു. തമിഴ്‌നാടിനെപ്പോലെ സുപ്രീംകോടതിയിൽ പോകാൻ ആലോചന വന്നെങ്കിലും ഫലം ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പുതന്നെ നിലപാട് എടുക്കുകയായിരുന്നു.