നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സർക്കാർ നൽകിയ ഹർജി പാലാ കോടതി തള്ളി.

കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥ തർക്കത്തിൽ സർക്കാരിന് തിരിച്ചടി. ഭൂമിയുടെ അവകാശം സംബന്ധിച്ച് സർക്കാർ പാലാ സബ് കോടതിയിൽ നൽകിയ ഹർജി തള്ളി. എതിർകക്ഷികളായ അയന ചാരിറ്റബിൾ ട്രസ്റ്റിന്‍റേയും ഹാരിസൺ മലയാളത്തിന്‍റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. കോടതി വിധി വന്നതോടെ ശബരിമല വിമാനത്താവളത്തിന്‍റെ ഭാവിയും ആശങ്കയിലായി. ആറു വർഷം നീണ്ട് നിന്ന നിയമവ്യവഹാരത്തിനൊടുവിലാണ് കേസിൽ സർക്കാരിന് കനത്ത തിരിച്ചടിയുണ്ടായത്. ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സർക്കാർ ഹാജരാക്കിയ എല്ലാ റവന്യു രേഖകളും പാലാ സബ് കോടതി തള്ളി.

അയന ചാരിറ്റബിൾ ട്രസ്റ്റും ഹാരിസൺ മലയാളം കമ്പനിയും ഉയർത്തിയ ഉടമസ്ഥാവകാശ വാദങ്ങളാണ് കോടതി അംഗീകരിച്ചത്. സർക്കാരിന് ഉടമസ്ഥാവകാശം നഷ്ടപ്പെട്ടതോടെ വിമാനത്താവള പദ്ധതിയും തുലാസിലായി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായുള്ള ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കർ ഭൂമിയെ ചൊല്ലിയാണ് സംസ്ഥാന സർക്കാരും ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിലെ അയന ചാരിറ്റബിൾ ട്രസ്റ്റും തമ്മിലുള്ള ഉടമസ്ഥാവകാശ തർക്കം. ശബരിമല വിമാനത്താവള പദ്ധതിക്കായി സംസ്ഥാന സർക്കാർ ഈ ഭൂമി കണ്ടെത്തിയതിന് പിന്നാലെയാണ് ഉടമസ്ഥ തർക്കം വിവാദമായും കോടതി കയറിയതും. സ്വന്തം ഭൂമിയാണെന്ന് സ്ഥാപിച്ചാണ് സംസ്ഥാന സർക്കാർ വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോയത്.

 എന്നാൽ, 2005 ൽ ഹാരിസൺ മലയാളം കമ്പനിയിൽ നിന്ന് വാങ്ങിയ ഭൂമിയാണെന്ന അവകാശവുമായി അന്നത്തെ ഗോസ്പൽ ഫോർ ഏഷ്യയെന്ന ഇന്നത്തെ അയന ചാരിറ്റബിൾ ട്രസ്റ്റ് രംഗത്തെത്തി. ഇതിനിടെ, വിദേശകമ്പനികളുടേയും വ്യക്തികളുടേയും ഭൂമി ഏറ്റെടുക്കണമെന്ന് എംജി രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിനെതിരെ ഹാരിസൺ മലയാളം കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ഇത് പരിഗണിച്ച ഹൈക്കോടതി ഭൂമിയിൽ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സർക്കാരിന് സിവിൽ കോടതിയെ സമീപിക്കാമെന്ന് ഉത്തരവിട്ടു.തുടർന്നാണ് 2019 ൽ സംസ്ഥാന സ‍ർക്കാർ പാലാ സബ് കോടതിയിൽ ഹർജി നൽകിയത്.

എരുമേലി വില്ലേജിലെ ഈ ഭൂമി 1910 ലെ സെറ്റിൽ മെന്‍റ് രജിസ്റ്റർ പ്രകാരം പണ്ടാരവകപാട്ടം ഭൂമിയാണെന്ന് സർക്കാർ വാദിച്ചു. ഹാരിസണും അവരുടെ മുൻഗാമികളും നൂറുവ‍ർഷത്തിലധികമായി കൈവശം വെയ്ച്ചിരുന്ന ഭൂമിയാണെന്നും അതിനാൽ കൈവശാവകാശമുണ്ടെന്നും വിൽപ്പന നടത്താമെന്നുമായിരുന്നു അയന ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പ്രധാന വാദം. ഒപ്പം നികുതി രസീതുകളും ബിടിആറും ഉടമസ്ഥത തെളിയിക്കുന്നുണ്ടെന്നും അയന ട്രസ്റ്റ് വാദിച്ചു. ഇതെല്ലാം കോടതി പരിഗണിച്ചു. സബ് കോടതി ഉത്തരവിനെതിരെ സർക്കാർ മേൽകോടതിയെ സമീപിച്ചേക്കും. കഴിഞ്ഞ ദിവസം ശബരിമല വിമാനത്താവളത്തിന്‍റെ വിഞ്ജാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെയുള്ള സബ് കോടതി വിധി സർക്കാരിന് ഇരട്ടി പ്രഹരമാണ് ഉണ്ടാക്കിയത്.

YouTube video player