
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയിൽ സിപിഐ എതിർപ്പ് തള്ളി വിദ്യാഭ്യാസ വകുപ്പ്. പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന നിലപാടിലാണ് സർക്കാർ. നിലവിൽ എൽഡിഎഫിൽ കടുത്ത ഭിന്നത തുടരുകയാണ്. കരാർ റദ്ദാക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. അല്ലാത്ത പക്ഷം മന്ത്രിമാരെ പിൻവലിക്കുന്നത് അടക്കം അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐ എക്സിക്യൂട്ടീവ് കൈക്കൊള്ളുമെന്നാണ് വിവരം. ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി എത്തുന്ന മുഖ്യമന്ത്രി ഇന്ന് സിപിഐ നേതൃത്വവുമായി അനുനയ ചർച്ച നടത്തും. അതേസമയം, പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുകയാണ്. എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകൾ ഇന്നലെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചത് സംബന്ധിച്ച വിവാദങ്ങൾ മുന്നണി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. സിപിഐ ഉയർത്തിയ വിഷയങ്ങളും ഒപ്പുവെച്ച ധാരണയിലെ വ്യവസ്ഥകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി യോഗം ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല. പിഎം ശ്രീ വിവാദം മുന്നണി ചർച്ച ചെയ്തു പരിഹരിക്കും. പിഎം ശ്രീ പദ്ധതി വഴി ദേശീയ വിദ്യാഭ്യാസ നയം കടന്നു വരുന്നുണ്ടോ എന്നും ഇപ്പോൾ ഒപ്പുവെച്ച ധാരണയിലെ വ്യവസ്ഥകളും പരിശോധിക്കും. സിപിഐ ഉയർത്തിയ വിഷയങ്ങളും എൽഡിഎഫ് ചർച്ച ചെയ്യും. എല്ലാ പാർട്ടികളുടെയും അഭിപ്രായം ആരായുമെന്നും പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും ടി പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
ദില്ലി എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. തങ്ങളുടെ നിലപാട് പിഎം ശ്രീ കരാര്‍ റദ്ദാക്കണമെന്ന് തന്നെയാണ്. അതിൽ നിന്ന് പിന്നോട്ടില്ല. വിശദമായി വിഷയം ചര്‍ച്ച ചെയ്തു. സിപിഎം ഇതിൽ പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി രാജ പറഞ്ഞു. അതേസമയം, റദ്ദാക്കണമെന്ന സിപിഐയുടെ ആവശ്യം സംസ്ഥാന ഘടകങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്ന് പറഞ്ഞ എംഎ ബേബി സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെ ന്യായീകരിച്ചാണ് സംസാരിച്ചത്.