
ദുബായ്: കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് ചർച്ച ചെയ്യാതെയാണെന്ന സിപിഎമ്മിൻ്റെ തുറന്നുപറച്ചിലിൽ വിമർശനവുമായി ഷാഫി പറമ്പിൽ എംപി. പദ്ധതിയിൽ ഒപ്പുവെക്കുന്നതിന് മുമ്പ് മോദിയുമായും അമിത് ഷായുമായും പിണറായി ചർച്ച ചെയ്തിട്ടുണ്ടെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. പതിനാറാം തിയതി ഇട്ട ഒപ്പിനെ കുറിച്ച് മൗനം പാലിച്ചതിനു പിന്നിൽ എട്ടിനും ഒൻപതിനും ദില്ലിയിൽ നടന്ന കൂടിക്കാഴ്ചകളാണ്. ചർച്ച ചെയ്യേണ്ടവരുമായി ചർച്ച നടന്നിട്ടുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പിഎം ശ്രീ ചർച്ചയില്ലാതെ ഒപ്പിട്ടെന്ന സിപിഎം പ്രതികരണത്തോടാണ് ഷാഫിയുടെ വിമർശനം.
ഫണ്ടിന് വേണ്ടി മാത്രമല്ല പിഎം ശ്രീ ഒപ്പിട്ടതെന്നും ഇത് പൊളിറ്റികൾ നെക്സസ് ആണെന്നും ഷാഫി പറഞ്ഞു. അതി ദാരിദ്ര്യം മുക്ത പ്രഖ്യാപനം യാഥാർഥ്യം മറച്ചുള്ള അഡ്വർടൈസമെന്റ് ആണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയിലെ ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായുള്ള ചർച്ച പോസിറ്റീവായിരുന്നെന്നും മന്ത്രി പറഞ്ഞു. 10ന് തൊഴിൽ മന്ത്രിമാരുടെ യോഗമാണ്. അന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ ഒന്നു കൂടി കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ വിവാദ പരാമർശം അദ്ദേഹത്തിന്റെ സംസ്കാരം പുറത്തുകാണിക്കുന്ന വിധത്തിലുള്ളതാണെന്നും അത്തരമൊരു പരാമർശം നടത്താൻ പാടില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു പിഎംഎ സലാമിൻറെ വിവാദ പരാമർശം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാമിൻറെ വിവാദ പ്രസംഗം. പിഎം ശ്രീ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനത്തെ വിമർശിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്ന് പിഎം സലാം ആരോപിച്ചു. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ അപമാനമാണെന്നും പിഎംഎ സലാം പറഞ്ഞു.