
കോഴിക്കോട്: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഏക സിവിൽ കോഡ് പരാമർശത്തോട് പ്രതികരിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പാണ് സുരേഷ് ഗോപിയുടെ ലക്ഷ്യമെന്ന് സലാം പ്രതികരിച്ചു. വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. എന്നാൽ ബിജെപിയുടെ വലയിൽ വീഴില്ലെന്നും പിഎംഎ സലാം പറഞ്ഞു. യൂണിഫോം സിവിൽ കോഡ് വന്നിരിക്കുമെന്നാണ് സുരേഷ് ഗോപി ഇന്നലെ പറഞ്ഞത്.
സിവിൽ കോഡ് വന്നിരിക്കും. കെ റെയിൽ വരും കെട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ സിവിൽ കോഡ് നടപ്പാക്കുമെന്നും സുരേഷ് ഗോപി കണ്ണൂരിൽ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന ബിജെപി പദയാത്രക്കിടെയാണ് സുരേഷ് ഗോപിയുടെ പരാമർശം. കേരളത്തിലെ അധമ സർക്കാരിനെതിരായ ആരോപണങ്ങൾ പെറ്റ തള്ള സഹിക്കില്ല. അവരുടെ മേൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
കരിപ്പൂരിൽ നിന്നുള്ള ഹാജിമാർ നേരിടുന്നത് കടുത്ത വിവേചനമാണ്. ഉംറ യാത്രയ്ക്ക് 35000 രൂപ മാത്രമാണ് നിരക്ക്. പരസ്യമായി എങ്ങനെ കൊള്ള നടത്താൻ സാധിക്കുന്നു? ടെൻഡറിലെ കള്ളക്കളി പുറത്ത് കൊണ്ട് വരണമെന്നും പിഎംഎ സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വലിയ ചാർജ് വരുമ്പോൾ റീ ടെൻഡർ ആണ് സാധാരണ നടപടി. അതുകൊണ്ടാണ് കള്ളക്കളി സംശയിക്കുന്നതെന്നും സലാം കൂട്ടിച്ചേർത്തു.
വിമാനം കൊണ്ട് വന്നു യാത്ര നടത്തൂവെന്ന അബ്ദുള്ള കുട്ടിയുടെ പരാമർശം അംഗീകരിക്കാനാവില്ല. കേന്ദ്ര ഹജ്ജ് കമ്മറ്റി കൃത്യമായി യോഗം ചേരാറില്ല. കേരള ഹജ്ജ് കമ്മറ്റിക്കും ഉത്തരവാദിത്തമുണ്ട്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ എന്ത് ചെയ്തുവെന്നും വ്യക്തമാക്കണം. കേരളത്തിൽ നിന്നുള്ള 80 ശതമാനം ഹാജിമാരെ 165000 രൂപ ഈടാക്കി കൊണ്ടുപോകാനാണ് നീക്കം. നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും. മുസ്ലീം ലീഗ് പ്രക്ഷോഭത്തിന് മുന്നിലുണ്ടാകുമെന്നും സലാം കൂട്ടിച്ചേർത്തു.
'യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ താത്പര്യമുണ്ട്; ലയനസമയത്ത് രാജ്യസഭ സീറ്റ് ധാരണയുണ്ടായിരുന്നു'
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam