'അവള് കൈമുറിച്ചു, ഗുളിക കഴിച്ചു, ആരും വന്നില്ല', പൊട്ടിക്കരഞ്ഞ് പോക്സോ കേസ് ഇരയുടെ അമ്മ

Published : Jan 20, 2022, 03:42 PM ISTUpdated : Jan 20, 2022, 03:49 PM IST
'അവള് കൈമുറിച്ചു, ഗുളിക കഴിച്ചു, ആരും വന്നില്ല', പൊട്ടിക്കരഞ്ഞ് പോക്സോ കേസ് ഇരയുടെ അമ്മ

Synopsis

അടുത്ത ബന്ധുക്കൾ തന്നെ പ്രതികളായ ഒരു കൂട്ടബലാത്സംഗക്കേസിലടക്കം ആറ് പോക്സോ കേസുകളിൽ ഇരയാണ് ആത്മഹത്യ ചെയ്ത പെൺകുട്ടി. അമ്മയ്ക്കും ഇളയ സഹോദരനുമൊപ്പം തേഞ്ഞിപ്പലത്തെ ഒരു വാടകവീട്ടിലാണ് അവർ താമസിച്ചിരുന്നത്. 

മലപ്പുറം: ഇന്ന് രാവിലെ മലപ്പുറം തേഞ്ഞിപ്പലത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പോക്സോ കേസിലെ ഇരയായ പെൺകുട്ടി ഇതിന് മുമ്പും പല തവണ ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്ന് അമ്മ. പല തവണ പതിനെട്ടുകാരിയായ പെൺകുട്ടി കൈഞരമ്പ് മുറിയ്ക്കുകയും ഉറക്കഗുളികകൾ കഴിക്കുകയും ചെയ്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്നെല്ലാം എങ്ങനെയെങ്കിലും അവളെ കൗൺസലിംഗിനും ചികിത്സയ്ക്ക് വിധേയയാക്കണമെന്നും ശിശുസംരക്ഷണകേന്ദ്രത്തിലെത്തിക്കണമെന്നും താൻ അധികൃതരോട് പല കുറി പറഞ്ഞെങ്കിലും ആരും കേട്ടില്ലെന്നും അമ്മ മാധ്യമങ്ങളോട് കരഞ്ഞുപറയുന്നു. 

രാവിലെ 9.30-ഓടെയാണ് പെൺകുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ തന്നെയാണ് കുട്ടി തൂങ്ങി നിൽക്കുന്നത് കണ്ട് നാട്ടുകാരെ വിളിച്ചുകൂട്ടിയത്. തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ അമ്മയോടും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്കൂളിലാക്കാനായി താൻ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വന്ന ശേഷം പല തവണ പെൺകുട്ടിയെ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോൾ ഫോണും എടുത്തില്ല. തുടർന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു. 

ഉടനെ അയൽപക്കക്കാരെ അടക്കം വിളിച്ച് വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറി തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചിരുന്നു. അവിടെ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. 

മലപ്പുറത്തും കോഴിക്കോടുമായി കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കൂട്ട ബലാത്സംഗക്കേസ് അടക്കം ആകെ ആറ് പോക്സോ കേസുകളിൽ ഇരയാണ് പെൺകുട്ടി. അടുത്ത ബന്ധുക്കളടക്കമുള്ളവരാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിലെ പ്രതികൾ. തീർത്തും നിര്‍ധന കുടുംബത്തില്‍ നിന്നുളള പെണ്‍കുട്ടി മാസങ്ങളായി അമ്മയ്ക്കൊപ്പം തേഞ്ഞിപ്പലത്തെ വാടകവീട്ടിലായിരുന്നു താമസം. കേസ് നടപടികൾ തുടരുന്നതിനിടെ പെൺകുട്ടി കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നു. തുടർന്ന് പല തവണ ആത്മഹത്യാ ശ്രമങ്ങളും നടത്തിയെന്ന് അമ്മ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പോലീസ് പിന്തുണ നല്‍കിയില്ലെന്നാണ് അമ്മ പറയുന്നത്. 

''അവള് പല തവണ കൈ മുറിച്ചു. പല തവണ ഗുളിക കുടിച്ചു. എനിക്കൊരു ചെറിയ മോനാണ്. അവനെയും ഇവളെയും വച്ച് ഒറ്റയ്ക്കാണ് ഞാൻ ജീവിക്കുന്നത്. പൊലീസുകാരോടക്കം പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് സാറേ എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇവരെ നോക്കാൻ കൂട്ടിയാൽ കൂടില്ലാ എന്ന്. പലരുടെ അടുത്തുനിന്നും കടം വാങ്ങിയാണ് ഞാനും എന്‍റെ കുട്ടികളും ജീവിക്കുന്നതും ഇവളുടെ ചികിത്സയൊക്കെ നോക്കിയിരുന്നതും. ശിശുസംരക്ഷണകേന്ദ്രത്തിലേക്കോ മറ്റോ ഇവളെ മാറ്റണമെന്ന് ഞാൻ പല തവണ കരഞ്ഞു പറഞ്ഞതാ. ആരും കേട്ടില്ല. അത് കേട്ടിരുന്നെങ്കിൽ എന്‍റെ മോൾക്കീ ഗതി വരില്ല'', അവർ കരഞ്ഞുപറയുന്നു. 

എന്നാല്‍ പെൺകുട്ടിക്ക് കൗൺസിലിംഗ് നല്‍കാന്‍ രേഖാമൂലം ശുപാർശ ചെയ്തതാണെന്ന് പോലീസ് അറിയിക്കുന്നു. 6 കേസുകളിലായി 4 പ്രതികൾ അറസ്റ്റിലായ കേസുകളില്‍ കുറ്റപത്രം സമർപ്പിച്ചെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. 

പെൺകുട്ടി തൂങ്ങിമരിച്ച സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിശദമായ അന്വേഷണം തന്നെ പെൺകുട്ടിയുടെ മരണത്തെ സംബന്ധിച്ച് ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. 

പെൺകുട്ടിയുടെ അമ്മ പറയുന്നത് കേൾക്കാം:

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര