Walayar case : വാളയാര്‍ കേസ്; ഡമ്മി പരീക്ഷണത്തിന് കുട്ടികളുടെ വസ്ത്രങ്ങള്‍ ആവശ്യപ്പെട്ട് സിബിഐ, കോടതി തള്ളി

Published : Dec 03, 2021, 05:38 PM ISTUpdated : Dec 03, 2021, 05:56 PM IST
Walayar case : വാളയാര്‍ കേസ്; ഡമ്മി പരീക്ഷണത്തിന് കുട്ടികളുടെ വസ്ത്രങ്ങള്‍ ആവശ്യപ്പെട്ട് സിബിഐ, കോടതി തള്ളി

Synopsis

അന്വേഷണം വേഗത്തിലാക്കാനാണ് സിബിഐയുടെ തീരുമാനം. കഴിഞ്ഞയാഴ്ച്ച കേസിലെ ഒന്നാം പ്രതി മധു, രണ്ടാം പ്രതി ഷിബു എന്നിവരെ മലമ്പുഴ ജില്ലാ ജയിലിലെത്തി സിബിഐ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.  

പാലക്കാട് : വാളയാറിൽ സഹോദരിമാരായ പെണ്‍കുട്ടികള്‍ (walayar gilrs) തൂങ്ങി മരിച്ച കേസിൽ തൊണ്ടി മുതൽ വേണമെന്ന സിബിഐയുടെ (cbi) ആവശ്യം പാലക്കാട് പോക്സോ കോടതി (pocso court) തള്ളി. ഡമ്മി പരീക്ഷണത്തിനായി കുട്ടികളുടെ വസ്ത്രങ്ങൾ, ഷാൾ എന്നിവയാണ് സിബിഐ ആവശ്യപ്പെട്ടത്. ഈ ആവശ്യം കോടതി തള്ളിയതോടെ സമാന വസ്തുക്കൾ ഉപയോഗിക്കാമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അന്വേഷണം വേഗത്തിലാക്കാനാണ് സിബിഐയുടെ തീരുമാനം. കഴിഞ്ഞയാഴ്ച്ച കേസിലെ ഒന്നാം പ്രതി മധു, രണ്ടാം പ്രതി ഷിബു എന്നിവരെ മലമ്പുഴ ജില്ലാ ജയിലിലെത്തി സിബിഐ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

വാളയാര്‍ കേസ് 

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച്  നാലിന് ഇതേവീട്ടില്‍ അനുജത്തി 9 വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്‍റെ ഉത്തരത്തില്‍ ഒന്‍പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് മരണത്തില്‍ സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒന്‍പത് വയസ്സുകാരി. മാര്‍ച്ച് ആറിന് അന്നത്തെ എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. തൊട്ടടുത്ത ദിവസം പൊലീസ് പുറത്തുവിട്ട പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നു. പിന്നാലെ ആദ്യകുട്ടിയുടെ മരണം അന്വേഷിച്ച പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണമുയര്‍ന്നു. ഇക്കാര്യത്തിലും അന്വേഷണം തുടങ്ങി. 

അന്വേഷണ സംഘം പുനസംഘടിപ്പിക്കുകയും ചെയ്തു. പ്രാരംഭ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വാളയാര്‍ എസ്ഐ പി സി ചാക്കോയെ സംഘത്തില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല അന്നത്തെ പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം ജെ സോജനും നല്‍കി. തൊട്ടുപിന്നാലെ രണ്ടുപേരുടെ അറസ്റ്റുണ്ടായി. വി മധു, രാജാക്കാട് സ്വദേശി ഷിബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാളയാര്‍ എസ്ഐ പി സി ചാക്കോയ്ക്ക്  സസ്പന്‍ഷനും ഡിവൈഎസ്പി വാസുദേവന്‍, സിഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവുണ്ടായി.  മാര്‍ച്ച് 10 ന് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. എം മധു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയ്ക്ക് ശേഷം കേസില്‍ ഒരു പതിനാറുകാരന്‍ കൂടി അറസ്റ്റിലായി. 

കേസന്വേഷണം നടക്കുന്നതിനിടെ പൊലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച 29 കാരന്‍ തൂങ്ങിമരിച്ചു. ഒടുവില്‍ ജൂണ്‍ 22 ന് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചത് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തിയ കുറ്റപത്രമാണ്. പതിനാറുകാരന്‍റെ ഒഴികെ മറ്റ് നാല് പ്രതികളുടെ പേരില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോക്സോ, ആത്മഹത്യാ പ്രേരണ, പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങി വകുപ്പുകളാണ് ഉണ്ടായിരുന്നത്. പതിനാറുകാരന്‍റെ വിചാരണ ജുവനൈല്‍ കോടതിയിലേക്കും മാറ്റി. 2019 ഒക്ടോബര്‍ ഒന്‍പതിന് ആദ്യവിധി വന്നു. മൂന്നാം പ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ പാലക്കാട് കോടതി തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. പിന്നാലെ വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു. വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. 

കേസന്വേഷണത്തിലും നടത്തിപ്പിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് റിട്ടയേഡ് ജില്ലാ ജഡ്ജി പി കെ ഹനീഫയെ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനായി വച്ചു 2020 മാര്‍ച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമ്മീഷന്‍ കണ്ടെത്തി. അതിനിടെ മൂന്നാംപ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. ഇക്കൊല്ലം ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന് സണ്ണി ജോസഫ്, 'രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'
'യുഡിഎഫ് വേട്ടക്കാർക്കൊപ്പം'; രാഹുലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുന്നുവെന്ന് എം വി ഗോവിന്ദൻ